വാലന്റൈന്‍സ് ദിനത്തില്‍ മധുര പ്രണയത്തിന്റെ നനവൂറുന്ന സമ്മാനക്കൂട്ടുകളുടെ വാര്‍ത്തകളാണെവിടെയും. അനശ്വരപ്രണയത്തിന്റെ അടയാളപ്പെടുത്തലുകളായി സമ്മാനം കൈമാറുമ്പോള്‍ പ്രണയത്താല്‍ വഞ്ചിക്കപ്പെട്ടവര്‍ എന്ത് ചെയ്യും?. അവര്‍ എന്ത് സമ്മാനം നല്‍കും. വിഷമിക്കേണ്ട, അവര്‍ക്കായി ഫ്രാന്‍സിലെ കന്നുകാലി കര്‍ഷകന്‍ ഉഗ്രന്‍ സമ്മാനം തന്നെ തയ്യാറക്കിക്കഴിഞ്ഞു.
പ്രണയിച്ച് വഞ്ചിച്ചവര്‍ക്കുള്ള മധുര പ്രതികാരമായി ചാണക സമ്മാനമാണ് കര്‍ഷകനായ റോജര്‍ കൊബോട്ടെ തയ്യാറാക്കിയിരിക്കുന്നത്. ചാണകം പ്രത്യേക പാക്കില്‍ പൊതിഞ്ഞ് സുന്ദരമായ സമ്മാനമായാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത്തവണ വാലന്റൈന്‍സ് ദിനത്തില്‍ തന്റെ സ്‌പെഷ്യല്‍ സമ്മാനത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് റോജര്‍ പറയുന്നു. ഒരു പൊതിക്ക് 14 യൂറോയാണ് വില. പോസ്റ്റല്‍ ചാര്‍ജ് പുറമെ കൊടുക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 600ഓളം ചാണകപ്പൊതികള്‍ പോസ്റ്റല്‍ വഴി അയച്ച് കൊടുത്തതായി ഇയാള്‍ പറയുന്നു. യൂറോപ്പിന്റെ പല ഭാഗത്ത് നിന്നും ഓര്‍ഡറുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
വേണമെങ്കില്‍ ചാണക സമ്മാനം നിങ്ങള്‍ക്കും പരീക്ഷിക്കാം. എന്നാല്‍ യഥാര്‍ഥ കമിതാവിന് സമ്മാനം അയക്കുമ്പോള്‍ പൊതി മാറിപ്പോകരുതെന്ന് മാത്രം.
