കൊട്ടാരക്കര: അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം ആര്‍.കൃഷ്ണകുമാര്‍ വീണ്ടും വാളകം ആര്‍.വി.എച്ച്.എസ്.എസിലെത്തി. വാളകം ജംഗ്ഷനില്‍വെച്ച് പരിക്കേറ്റ കൃഷ്ണകുമാറിന് ഇന്നലെ വരെയായിരുന്നു അവധി.

ഇതുവരെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ഇടുപ്പെല്ലിന് വീണ്ടും ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആരോഗ്യനില ഭേദപ്പെട്ടാല്‍ മാത്രമേ ശസ്ത്രക്രിയ നടത്താന്‍ ആകുള്ളു. തിരുവനന്തപുരം എസ്.യു.ടി.സിയിലാണ് ചികിത്സ.

ഇന്നലെ ഭാര്യയോടൊപ്പം കാറിലാണ് കൃഷ്ണകുമാര്‍ ക്ലാസിലെത്തിയത്.ഭാര്യയും സ്‌കൂള്‍ ഹെഡ്മിസ്ട്രസുമായ ഭാര്യ ഗീതയ്ക്ക് ഇന്നലെ എസ്.എസ്.എല്‍.സി ചോദ്യപേപ്പറിന്റെ സോര്‍ട്ടിംഗ് ചുമതലയുണ്ടായിരുന്നു. പകരം ചുമതല ഏല്‍പ്പിച്ചാണ് ഗീത പോയതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 27 ന് രാത്രിയിലാണ് കൃഷ്ണകുമാറിന് പരിക്കേറ്റത്. തനിയ്ക്ക്് പരിക്കേറ്റ സംഭവത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഉടന്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

അന്വേഷണത്തിലെ അവ്യക്തതകള്‍ മാറണം. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലായിരുന്നു. സംഭവത്തെ കുറിച്ച് മുന്‍പും പറഞ്ഞ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്.അന്വേഷണം ഇപ്പോള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. കേസ് സി.ബി.ഐ ഏറ്റെടുത്താല്‍ അ്‌ന്വേഷണം ഫലപ്രദമാകുമെന്നാണ് വിശ്വാസം. ഇതിനാവശ്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Malayalam news

Kerala news in English