തിരുവനന്തപുരം: തന്നെ ആക്രമിച്ചത് ആരാണെന്നറയില്ലെന്ന് വാളകത്ത് അക്രമത്തിനിരയായ അധ്യാപകന്റെ മൊഴി. മജിസ്‌ട്രേറ്റും കൊല്ലം റൂറല്‍ ഡി.വൈ.എസ്.പി ഷാനവാസും ഇന്ന് അധ്യാപകന്റെ മൊഴിയെടുത്തിരുന്നു.

നാല്‍പത് മിനിറ്റോളം മജിസ്‌ട്രേറ്റ് അധ്യാപകനോട് സംസാരിച്ചു. തന്നെ ആക്രമിച്ചത് ആരാണെന്നറിയില്ലെന്നാണ് അധ്യാപകന്‍ ഇരുവരോടും പറഞ്ഞത്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. ബാലകൃഷ്ണപിള്ളയാണോ ആക്രമത്തിന് പിന്നിലെന്ന ചോദ്യത്തിന് തനിക്കറിയില്ല എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

അതിനിടെ, ബോധം തെളിഞ്ഞ കൃഷ്ണകുമാര്‍ പരസ്പരം വിരുദ്ധമായാണ് സംസാരിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

അന്വേഷണം പാതിവഴിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അധ്യാപകന്റെ മൊഴി എല്ലാവരും ഉറ്റുനോക്കിയിരുന്നു. അക്രമികളാരാണെന്നറിയില്ലെന്ന അധ്യാപകന്റെ മൊഴി അന്വേഷണത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതിനിടെ ജോത്സ്യന്‍ ശ്രീകുമാറിനെ വീണ്ടും പോലീസ് ചോദ്യം ചെയ്തു. സംഭവം നടക്കുന്നതിന് മുന്‍പ് അധ്യാപകനെ ജോത്സ്യന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ജോത്സ്യനെ വീണ്ടും ചോദ്യം ചെയ്യുന്നത്. വസ്തുവില്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് താന്‍ കൃഷ്ണകുമാറിനെ വിളിച്ചുവരുത്തിയതെന്നാണ് ജോത്സ്യന്റെ മൊഴി.

കേരളാ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവും പിള്ളയുടെ സുഹൃത്തുമായ ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്.

നേരത്തെ രണ്ട് തവണ അധ്യാപകന്റെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യ നില സമ്മതിക്കാത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി കേസില്‍ വഴിത്തിരിവാകും എന്നതില്‍ സംശയമില്ല.

ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള രാമവിലാസം സ്‌കൂളിലെ ചരിത്രാധ്യാപകനായ ആര്‍.കൃഷ്ണകുമാര്‍ ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായി മര്‍ദ്ദനത്തിനിരയായത്.