കൊല്ലം: വാളകത്ത് പരുക്കേറ്റ നിലയില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കൃഷ്ണകുമാറിനെ ആദ്യം കണ്ടയാളെ പോലീസ് കണ്ടെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തു. സുവിശേഷപ്രവര്‍ത്തകനായ ഇയാള്‍ സംഭവത്തിന് ദൃക്‌സാക്ഷിയല്ലെന്ന് പോലീസിനോട് പറഞ്ഞതായാണ് സൂചന.

ബൈക്കില്‍ പുനലൂരില്‍ നിന്ന് വരുമ്പോള്‍ റോഡില്‍ ചെരുപ്പുകള്‍ കിടക്കുന്നത് കണ്ട് വഴിയരികിലേക്കു നോക്കിയപ്പോഴാണു പരുക്കേറ്റു കിടക്കുന്ന കൃഷ്ണകുമാറിനെ കണ്ടത്. അദ്ധ്യാപകന്‍ റോഡില്‍ കിടക്കുകയായിരുന്നു. വാഹനം ഇടിച്ച് പരിക്കേറ്റതാകാമെന്നാണ് കരുതിയത്.

Subscribe Us:

തുടര്‍ന്ന് സമീപത്തുള്ള കടയില്‍ വിവരമറിയിച്ചതിന് ശേഷം നിലമേല്‍ ഭാഗത്തേക്ക് പോയതായി ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ അദ്ധ്യാപകനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയതിന് ശേഷം വിട്ടയച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബൈക്ക് യാത്രക്കാരന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായേക്കുമെന്നാണ് കരുതുന്നത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന് പരിക്കേറ്റത് വാഹനം ഇടിച്ചാണെന്ന നിഗമനത്തിലാണ് പോലീസ്. ഇനി ഇത അപകടമാണോ മനഃപൂര്‍വം വാഹനം ഇടിച്ചതാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം.