തിരുവനന്തപുരം: കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ വ്യാപകമായ കാലുവാരല്‍ നടന്നെന്ന് തെരഞ്ഞെടുപ്പിലെ തിരിച്ചടികളെ പറ്റി പഠിക്കാന്‍ കെ.പി സി സി നിയോഗിച്ച വക്കം കമ്മറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെത്തിത്തലക്ക് കൈമാറി.

എല്ലാ ജില്ലകളിലും വ്യാപകമായ കാലുവാരല്‍ നടന്നു. കോണ്‍ഗ്രസില്‍ സംഘടനാപരമായ വീഴ്ച സംഭവിച്ചു. യു.ഡി.എഫ് സംവിധാനം സംഘടനാതലത്തില്‍ താഴെതട്ടില്‍ പരാജയപ്പെട്ടു. പല മണ്ഡലങ്ങളിലും വേണ്ടത്ര മുന്നൊരുക്കം നടന്നില്ല. തോറ്റസ്ഥാനാര്‍ത്ഥികളുടെ പരാതി ഗൗരവമായി കാണും. വക്കം കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഴ്ചവരുത്തിയ പല നേതാക്കള്‍ക്കെതിരെയും അച്ചടക്കനടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, നടപടി സംബന്ധിച്ച് കെ.പി.സി.സിയാണ് തീരുമാനമെടുക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മുഖം നോക്കാതെയും, സത്യസ്ധമായുമാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വക്കം പുരുഷോത്തമന്‍ അറിയിച്ചു. റിപ്പോര്‍ട്ട് ഗൗരവമായാണ് കാണുന്നതെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പല്‍ സംഘടനാതലത്തിലുണ്ടായ വീഴ്ചകളെപറ്റി പഠിക്കാന്‍ കെപിസിസി നിയോഗിച്ചതാണ് വക്കം പുരുഷോത്തമന്‍ ചെയര്‍മാനായ സമിതി. വക്കം പുരുഷോത്തമനെകൂടാതെ വി.എസ്. വിജയരാഘവന്‍, എ.സി.ജോര്‍ജ്ജ് എന്നിവരും ഉള്‍പ്പെടുന്നതാണ് മൂന്നംഗ സമിതി. രണ്ട് മാസം കൊണ്ടാണ് തെളിവെടുപ്പ് നടത്തി കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.