കോട്ടയം: മത സൗഹാര്‍ദത്തിന്റെ സന്ദേശമുയര്‍ത്തി എരുമേലിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഒരുമിച്ച് യോഗം ചേര്‍ന്ന് തീര്‍ഥാടകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എരുമേലി പള്ളി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചരിത്രത്തില്‍ ആദ്യമായാണ് അയ്യപ്പ ഭക്തരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വഖഫ്‌ദേവസ്വം ബോര്‍ഡും ദേവസ്വം ബോര്‍ഡും കൂടിക്കാഴ്ച നടത്തുന്നത്.
തീര്‍ഥാടകര്‍ എരുമേലിയില്‍ അനുഭവിക്കുന്ന ദുരിതങ്ങളും അത് പരിഹരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. ‘ ശബരിലയും എരുമേലിയും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഇതാദ്യമായാണ് ഇത്തരത്തിലൊരു യോഗം നടക്കുന്നതെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ പറഞ്ഞു.

ശബരിമല തീര്‍ഥാടന ഭാഗമായി പള്ളിയിലെത്തുന്ന അമ്പലപ്പുഴആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലും ചന്ദനക്കുടവുമൊക്കെ ദേവസ്വം ബോര്‍ഡും എരുമേലി മുസ്‌ലിം ജമാഅത്തും സഹകരിച്ചാണ് നടത്താറ്. മതമൈത്രിയുടെ പ്രതീകമായ എരുമേലിയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി.എം. ജമാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍, അംഗങ്ങളായ സിസിലി, ബി. ശശി, ദേവസ്വം കമീഷണര്‍, ഡെപ്യൂട്ടി കമീഷണര്‍, എരുമേലി ക്ഷേത്രം മാനേജര്‍, എരുമേലി മഹല്ല് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എം.എം. ലിയാഖത്ത്, സെക്രട്ടറി മുഹമ്മദ് ഇസ്മയില്‍ പങ്കെടുത്തു