ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളം തെറ്റായ പ്രചാരണം തുടര്‍ന്നാല്‍ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് എം.ഡി.എം.കെ നേതാവ് വൈകോയുടെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി കേരളത്തിലെ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വൈകോ.

ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന സമീപനമാണ് കേരളത്തിന്റേത്. മുല്ലപ്പെരിയാര്‍ പൂര്‍ണമായും സുരക്ഷിതമാണ്. ഡാമിന് സുരക്ഷാഭീഷണിയുണ്ടാക്കുന്നത് ഭൂചലനമല്ലെന്നും കേരളത്തിലെ ജനങ്ങളാണെന്നും വൈകോ ആരോപിച്ചു. റിക്ചര്‍ സ്‌കെയിലില്‍ ഏഴ് വരെയുള്ള ഭൂചലനങ്ങള്‍ തടയാനുള്ള ശേഷി മുല്ലപ്പെരിയാറിനുണ്ട്.

കേരള പോലീസിന് ഡാം സംരക്ഷിക്കാനാകില്ല. അതുകൊണ്ടുതന്നെ അടിയന്തരമായി സി.ആര്‍.പി.എഫിനെ ഡാമിന്റെ സുരക്ഷയ്ക്കായി വിന്യസിക്കണം. ഭൂചലനമാണ് പ്രശ്‌നമെങ്കില്‍ ഇടുക്കി, ചെറുതോണി ഡാമുകളുടെ സ്ഥിതിയെന്താണെന്നും വൈകോ ചോദിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് അങ്ങേയറ്റം ക്ഷമയാണ് പുലര്‍ത്തുന്നത്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ തമിഴ്ജനതയുടെ വികാരം ഇളക്കിവിട്ട് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വൈകോ ആരോപിച്ചു.