തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് കേസ് അട്ടിമറിക്കാനാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍.ഡി.എഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടി, ജേക്കബ്, മുനീര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെയുള്ള കേസുകളില്‍ അട്ടിമറി ശ്രമം നടക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ഇതിന്റെ മുന്നോടിയായാണ്. പാമോലിന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് സംശയകരമാണ്. രാഷ്ട്രീയ പകപോക്കലും അഴിമതിയുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം.

Subscribe Us:

പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. സ്വാശ്രയ നയത്തിലൂടെ സാമൂഹിക നീതി നിഷേധിക്കപ്പെടുകയാണ്. ഇതിനെല്ലാമെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ തുടങ്ങും. എന്നാല്‍ വഴിവിട്ട മാര്‍ഗത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കില്ല. ജൂലായ് 15 മുതല്‍ 21വരെ നിയോജകമണ്ഡലം തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കത്ത് ലഭിച്ചിട്ടുണ്ട്. എല്ലാ കക്ഷികളും യോഗത്തില്‍ പങ്കെടുക്കും.

ലോട്ടറി വിഷയത്തില്‍ 32 കേസുകളില്‍ മാത്രം അന്വേഷണം നടത്തുന്നത് വലിയ തെറ്റുകാരെ രക്ഷിക്കാനാണ്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചതാണ്. പ്രതിപക്ഷ നേതാവിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ഇതിനെ ശക്തമായി ചെറുക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.