തിരുവനന്തപുരം: എന്‍ സി പിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതുവഴി എല്‍ ഡി എഫ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ നിന്നും പിറകോട്ടില്ലെന്ന് വൈക്കം വിശ്വന്‍ വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ്, എന്‍ സി പി എന്നീ പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കുന്നുവെന്നും ഇടതുമുന്നണിയോഗ തീരുമാനം വിശദീകരിക്കവേ വൈക്കം വിശ്വന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായി എല്‍ ഡി എഫിനോട് യോജിക്കാന്‍ കേരളാ എന്‍ സി പി ഘടകം തയ്യാറായിരിക്കുകയാണെന്ന് വിശ്വന്‍ പറഞ്ഞു. എന്നാല്‍ എന്‍ സി പി യെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പാപ്പരത്വമാണെന്ന് കോണ്‍ഗ്രസ് എസും ആര്‍ എസ് പിയും അഭിപ്രായപ്പെട്ടു. തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയവിശദീകരണ ജാഥ നടത്താനും തീരുമാനിച്ചതായി വൈക്കം വിശ്വന്‍ പറഞ്ഞു.