ഇടുക്കി: നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ എം.ഡി.എം.കെ നേതാവ് വൈക്കോയെയും തീവ്ര തമിഴ്‌നേതാവ് നെടുമാരനെയും തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു.

ഉത്തമപാളയത്ത് നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം ഉപരോധം നടത്താന്‍ വാഹനങ്ങളില്‍ വരവേയാണ് വൈകോയെ പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്നും കേരളത്തില്‍ തമിഴര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും  ആവശ്യപ്പെട്ടാണ് എം.ഡി.എം.കെ 13 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധസമരത്തിന് ആഹ്വാനം ചെയ്തത്‌. കുമളി, ഉത്തമപാളയം, മറയൂര്‍, കമ്പം എന്നീ ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയാണ്.

Subscribe Us:

കുമളിയിലെ ഉപരോധം ഉദ്ഘാടനം ചെയ്യാന്‍ വൈകോ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവിടെ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് വരിക്കേണ്ടിവന്നാല്‍ ജാമ്യം ലഭിക്കില്ല. ഇക്കാരണം കൊണ്ടാണ് വൈക്കോ ഉദ്ഘാടനത്തിനെത്താതിരുന്നതെന്നാണ് സൂചന. പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വൈകോയ്ക്ക് നോട്ടീസ് നല്‍കാന്‍ തമിഴ്‌നാട് പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ വൈകോ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല.

എം.ഡി.എം.കെയുടെ ഉപരോധ സമരം മുന്നില്‍കണ്ട് കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇരുസംസ്ഥാനങ്ങളിലെയും പോലീസ് അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേരളത്തിന്റെ വനാതിര്‍ത്തികള്‍ കടന്ന് പ്രതിഷേധക്കാര്‍ ഗ്രാമങ്ങളില്‍ പ്രവേശിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് വനാതിര്‍ത്തികളില്‍ 24 മണിക്കൂര്‍ പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Malayalam news

Kerala news in English