കൊച്ചി: ജീവിതത്തിലും സംഗീതത്തിലും വിജയശ്രീയായി ഗായിക വൈക്കം വിജയലക്ഷ്മി. തുടര്‍ച്ചയായി കൂടുതല്‍ സമയം ഗായത്രി വീണ മീട്ടിയതിന്റെ ഗിന്നസ് റെക്കോര്‍ഡ് ഇനി വിജയലക്ഷ്മിയ്ക്ക് സ്വന്തം. കൊച്ചിയിലായിരുന്നു മണിക്കൂറുകളോളം ഗായത്രി വീണ മീട്ടി വിജയലക്ഷ്മി ഗിന്നസില്‍ ഇടം നേടിയത്.


Also Read: ‘ കോഹ്‌ലിയുടേത് വെളിവില്ലായ്മയാണ്, അത് മൊത്തം ടീമിനേയും കൊണ്ടേ പോകൂ ‘ : ഇന്ത്യന്‍ നായകനെതിരെ ആഞ്ഞടിച്ച് മാര്‍ക്ക് വോ


രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവര ശാസ്ത്രീയ സംഗീതവും പിന്നീട് തുടര്‍ച്ചയായി മൂന്ന് മണിവരെ ചലച്ചിത്ര ഗാനങ്ങളും വിജയലക്ഷ്മിയുടെ ഗായത്രി വീണയില്‍ പിറന്നു.

51 പാട്ടുകള്‍ മീട്ടുക എന്ന ലക്ഷ്യവുമായാണ് വൈക്കം വിജയലക്ഷ്മി വീണ മീട്ടാന്‍ ആരംഭിച്ചത്. എന്നാല്‍ സംഗീത പരുപാടി അവസാനിപ്പിച്ച് വീണ താഴെ വയ്ക്കുമ്പോളേക്കും വായിച്ചത് 67 പാട്ടുകളായിരുന്നു.

കുട്ടിക്കാലത്ത് കളിപ്പാട്ട വീണയില്‍ ആരംഭിച്ച സംഗീത യാത്ര ഒറ്റക്കമ്പി വീണയിലേക്കും ഗായത്രി വീണയിലേക്കും വളരുകയായിരുന്നു. ഗായത്രി വീണയില്‍ വിജയലക്ഷ്മി കച്ചേരി നടത്താന്‍ തുടങ്ങിയിട്ട് 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി.മുരളീധരന്റേയും പി.കെ വിമലയുടേയും മകളാണ് വിജയലക്ഷ്മി. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലെ ‘ കാറ്റേ കാറ്റേ ‘ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുന്നത്.