മതിലുകള്‍ക്കും ബാല്യകാലസഖിക്കും പിന്നാലെ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു കൃതി കൂടി അഭ്രപാളിയിലെത്തുന്നു. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കൃതിയാണ് വെള്ളിത്തിരയിലെത്തുന്നത്. ടി.വി ചന്ദ്രനാണ് ഭൂമിയുടെ അവകാശികള്‍ സംവിധാനം ചെയ്യുന്നത്.

ഷൊര്‍ണൂരിലെ അതിരിയത്ത് മനയില്‍ ചിത്രീകരിക്കുന്ന ഭൂമിയുടെ അവകാശികളില്‍ തവള, കീരി, പാമ്പ്, ഓന്ത്, അണ്ണാന്‍ ,ആമ, പല്ലി, ഉറുമ്പുകള്‍ എന്നു വേണ്ട സകലമാന തൊടി ജീവികളും താരങ്ങളാവും.

ആള്‍പ്പാര്‍പ്പില്ലാതെ പ്രേതാലയം പോലെ കിടന്ന വീട്ടില്‍ വന്ന് ഒറ്റയ്ക്ക് താമസിക്കുന്ന രാമചന്ദ്രനാണ് കഥയിലെ നായകന്‍. നായകന്റെ കൂട്ടാളികളാകട്ടെ മേല്‍പ്പറഞ്ഞ ജീവികളും. അവയുടെ വിഹാര കേന്ദ്രത്തില്‍ അവര്‍ക്കു ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്ന രാമചന്ദ്രന്‍ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും അത്ഭുതമാണ്.

അയല്‍പക്കങ്ങളിലെ മനുഷ്യരേക്കാള്‍ രാമചന്ദ്രന്‍ സ്‌നേഹിക്കുകയും സൗഹൃദം രൂപപ്പെടുത്തുകയും ചെയ്യുന്നത് വീട്ടിലും പറമ്പിലും മേഞ്ഞു നടക്കുന്ന ജീവികളോടാണ്. ഇതിനൊരു കാരണമുണ്ട്, അഹമ്മദബാദിലെ വര്‍ഗ്ഗീയ കലാപത്തില്‍ ഒറ്റപ്പെട്ടുപോയ മുസ്‌ലീം പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജോലിയുപേക്ഷിച്ച് കള്ളവണ്ടി കയറി പിടിക്കപ്പെട്ടുവരുന്ന രാമചന്ദ്രന് ബീരാന്‍ കാക്കയെന്ന ആളാണ് അഭയം നല്‍കുന്നത്.

നാട്ടിലുണ്ടായ സാമുദായിക കലാപത്തില്‍ ബീരാന്‍കാക്ക കൊല്ലപ്പെട്ടതോടെ അയാള്‍ നല്കിയ ഗ്രാമഫോണും റിക്കാര്‍ഡുകളുമായി പുതിയ ഗ്രാമത്തില്‍ എത്തിയതാണ് രാമചന്ദ്രന്‍. ട്യൂഷന്‍ ടീച്ചറായ സുനന്ദയുമായി അടുക്കുന്നതിലൂടെയാണ് രാമചന്ദ്രന്‍ തന്റെ കഴിഞ്ഞ ജീവിതം പുറത്തെടുക്കുന്നത്. നീലത്താമരയിലൂടെ സിനിമാ രംഗത്തെത്തിയ കൈലാഷാണ് ചിത്രത്തില്‍ രാമചന്ദ്രനായെത്തുന്നത്.

യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം രാമചന്ദ്രബാബു. ശ്രീനിവാസന്‍, മാമുക്കോയ, സന്തോഷ്, ഭഗത്, ഇന്ദ്രന്‍സ്, ഷഹബാസ് അമന്‍, ഇഎ രാജേന്ദ്രന്‍, മണികണ്ഠന്‍ പട്ടാമ്പി, മൈഥിലി, ഊര്‍മ്മിള ഉണ്ണി എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.