വട്‌നഗര്‍: വിഷം കുടിക്കാനും ദഹിപ്പിക്കാനും തന്നെ പഠിപ്പിച്ചത് വട്‌നഗറും അവിടുത്തെ പരമശിവനുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായശേഷം ആദ്യമായി സ്വന്തം ഗ്രാമമായ വട്‌നഗറിലെത്തിയ അദ്ദേഹം പ്രദേശവാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

‘വട്‌നഗറില്‍ നിന്നാണ് ഞാന്‍ എന്റെ യാത്ര ആരംഭിച്ചത്. ഇപ്പോള്‍ കാശിയിലെത്തി. വട്‌നഗറിനെപ്പോലെ തന്നെ കാശിയും ശിവഭഗവാന്റെ നാടാണ്. ഭഗവാന്‍ ശിവന്റെ അനുഗ്രഹമാണ് വിഷം കഴിക്കാനും ദഹിപ്പിക്കാനുമുള്ള കരുത്തേകിയത്. ഈ കഴിവുകൊണ്ടാണ് 2001നുശേഷം എനിക്കുനേരെ വിഷംചീറ്റുന്നവരെ എതിരിടാന്‍ കഴിഞ്ഞത്.’ അദ്ദേഹം പറഞ്ഞു.

സ്വദേശത്തേക്ക് തിരിച്ചുവരികയെന്നതും അവിടെനിന്നും നല്ല സ്വീകരണം ലഭിക്കുകയെന്നതും വലിയ കാര്യമാണ്. ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് ഈ മണ്ണില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ കൊണ്ടാണ്. വട്‌നഗര്‍ പഠിപ്പിച്ച കാര്യങ്ങള്‍ കൊണ്ടാണ്.’ അദ്ദേഹം വിശദീകരിക്കുന്നു.


Also Read:  അപ്രതീക്ഷിത ആരോപണത്തില്‍ പതറി ബി.ജെ.പി; പ്രതിരോധിക്കാന്‍ പേയ്ഡ് അക്കൗണ്ടുകളുമായി ഐ.ടി സെല്‍


അഹമ്മദാബാദില്‍ നിന്നും ഏതാണ്ട് നൂറുകിലോമീറ്റര്‍ അകലെയാണ് വട്‌നഗര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരുമാസത്തിനുള്ളില്‍ മോദിനടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനമാണിത്.

കേന്ദ്രം ധൃതിപ്പെട്ടു നടപ്പിലാക്കിയ ജി.എസ്.ടി ഗുജറാത്തില്‍ ചെറുകിട വ്യവസായികള്‍ക്ക് ഇടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജി.എസ്.ടി കൗണ്‍സില്‍ നികുതി രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനു പിന്നാലെയാണ് മോദിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനം.