തിരുവനന്തപുരം: ഐ.സി.ടി അക്കാദമി ഡയറക്ടറായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ നിയമിച്ചത് കേന്ദ്ര നിയമത്തിന് വിരുദ്ധമായാണെന്ന് സംസ്ഥാന ഐ.ടി സെക്രട്ടറി ടി.ബാലകൃഷ്ണന്‍. വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതിയ്ക്ക് മുമ്പാകെയാണ് ഐ.ടി സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച മൊഴി നല്‍കിയത്.

ഐ.സി. ടി അക്കാദമിയെ ചാരിററബിള്‍ സൊസൈററി ആക്ട് പ്രകാരം രജിസ്‌ററര്‍ ചെയ്യുന്നതിന് സമര്‍പ്പിച്ച രേഖയില്‍ അന്ന് അരുണ്‍ കുമാര്‍ ഡയരക്ടര്‍ എന്ന നിലയില്‍ ഒപ്പിട്ടുണ്ട്. രേഖയില്‍ പതിനൊന്നാമനായാണ് അരുണ്‍ കുമാര്‍ ഒപ്പിട്ടത്. അതേ സമയം അരുണ്‍ കുമാറിനെ ഡയരക്ടറായി സര്‍ക്കാര്‍ നിയമിച്ചതിന് രേഖയില്ല. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അക്കാദമിയുടെ ഘടനയില്‍ ഡയറക്ടര്‍ മാറ്റം വരുത്തിയെന്നും ടി.ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്.

ഐ.എച്ച്.ആര്‍.ഡി സൊസൈറ്റി രൂപീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണെന്നും ടി.ബാലകൃഷ്ണന്‍ സമിതിയ്ക്ക് മുമ്പാകെ വെളിപ്പെടുത്തി. ബാലകൃഷ്ണന്റെ മൊഴി പൂര്‍ത്തിയായിട്ടില്ല. നിയമ സഭാ സമ്മേളനത്തിന് ശേഷം മൊഴിയെടുക്കല്‍ തുടരും.