കൊച്ചി: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ പി.എച്ച്.ഡി. രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്് റദ്ദാക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ശുപാര്‍ശയെ സിന്‍ഡിക്കേറ്റിലുളള ഇടത് അനുഭാവികളും എതിര്‍ത്തില്ല.

ഐ.എച്ച്.ആര്‍.ഡി. ജോയിന്റ് ഡയറക്ടറും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജുമായിരിക്കെയാണു രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയതെന്നും ഇത് അധ്യാപനമായി കണക്കാക്കാനാവില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ നിലപാട്.

ഏഴു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്കു പിഎച്ച്.ഡി. രജിസ്‌ട്രേഷന് പ്രവേശനപരീക്ഷ എഴുതേണ്ടതില്ലെന്ന യു.ജി.സി. മാര്‍ഗ നിര്‍ദേശം നിലവിലുണ്ടെന്നായിരുന്നു അരുണിന്റെ വാദം.

ബയോ ഇന്‍ഫോമാറ്റിക്‌സ് (ജൈവ വിവര സാങ്കേതികവിദ്യ) വിഷയത്തിലാണ് അരുണ്‍കുമാര്‍ രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയത്. ഏഴു വര്‍ഷത്തെ അധ്യാപന പരിചയമാണു പ്രധാന യോഗ്യത.

അരുണിന്റെ രജിസ്‌ട്രേഷന്‍ കേള സര്‍വകലാശാല നേരത്തേ റദ്ദാക്കിയിരുന്നു. എന്നാല്‍ മതിയായ വിശദീകരണം നല്‍കാന്‍ അരുണിന് അവസരം കൊടുത്തില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി തീരുമാനം റദ്ദാക്കി. വീണ്ടും ഇക്കാര്യം പരിഗണിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണു സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

Malayalam news, Kerala news in English