തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടറായി നിയമിച്ചതും ഐ.സി.ടി അക്കാദമി ഡയറക്ടറാക്കിയതും ചട്ടവിരുദ്ധമായാണെന്നു തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തു വന്നു. നിയമനങ്ങളില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പങ്കും വ്യക്തമാക്കുന്ന രേഖകള്‍ വി.ഡി. സതീശന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിക്കു ലഭിച്ചു.

ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ സയീദ് അന്‍വര്‍, സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ ഡയറക്ടര്‍ ഡോ. സുബ്രഹ്മണി എന്നിവര്‍ വെള്ളിയാഴ്ച സമിതിക്ക് മുമ്പാകെ ഹാജരായി. അടുത്ത 14ന് നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിച്ച പി.സി. വിഷ്ണുനാഥിന്റെ മൊഴിയെടുക്കും. തുടര്‍ന്ന് അരുണ്‍കുമാറിന്റെ ഭാഗംകൂടി കേട്ട് സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സാദ്ധ്യത

Subscribe Us:

അരുണ്‍ കുറച്ചു നാള്‍ കട്ടപ്പനയില്‍ പ്രിന്‍സിപ്പലായിരുന്നെങ്കിലും ഒരു ദിവസം പോലും അവിടെ പഠിപ്പിക്കാന്‍ പോയിട്ടില്ല. എന്നിട്ടുകൂടി പത്തു വര്‍ഷത്തെ പരിചയം ഉണ്ടെന്നു പറഞ്ഞു ജോയിന്റ് ഡയറക്ടറാക്കുകയായിരുന്നു. അഡീഷനല്‍ ഡയറക്ടറാക്കാന്‍ സ്‌പെഷല്‍ റൂളില്‍ ഭേദഗതി വരുത്തിയതായും വ്യക്തമായി. ഒന്നാം ക്ലാസില്‍ എംടെക് ബിരുദവും എട്ടു വര്‍ഷ അധ്യാപന പരിചയവും എന്ന യോഗ്യത ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ സ്ഥാനത്തെ പരിചയം എന്നാക്കി മാറ്റിയത് അരുണ്‍കുമാറിനു വേണ്ടിയായിരുന്നുവെന്നാണ് ആക്ഷേപം.

ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് എം.എ. ബേബിയുടെ അറിവോടെയാണെന്ന് മുന്‍ ഡയറക്ടര്‍ സുബ്രഹ്മണി പറഞ്ഞു. സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാനായി ഐ.സി.ടി. ഡയറക്ടറെന്ന നിലയില്‍ അരുണ്‍കുമാറിനെ ചുമതലപ്പെടുത്തുന്ന കത്ത് ഇദ്ദേഹം എം.എ. ബേബിക്ക് നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ബേബി അംഗീകരിച്ച് കത്തില്‍ ഒപ്പിട്ടു. ഇതിന്റെ രേഖകള്‍ സമിതിക്ക് ലഭ്യമായി.

ഇന്റര്‍വ്യൂവിന് എത്തിയ ആറു പേരില്‍ തഴയപ്പെട്ട നാലു പേര്‍ക്കും എംടെക്കും പിഎച്ച്ഡിയും ഉണ്ടായിരുന്നു.അരുണ്‍ കുമാറിനാണ് ഒന്നാം റാങ്ക് കിട്ടിയത്. രണ്ട് അഡീഷനല്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചതും അരുണിനു സ്ഥാനക്കയറ്റം നല്‍കാനായിരുന്നുവെന്നാണു പരാതി. അരുണിനൊപ്പം നിയമിക്കപ്പെട്ടവര്‍ ഇപ്പോഴും പ്രിന്‍സിപ്പല്‍മാരായാണു പ്രവര്‍ത്തിക്കുന്നത്. അരുണിന്റെ നിയമനം ചട്ടവിരുദ്ധമായിരുന്നെന്ന നിലപാടാണു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎച്ച്ആര്‍ഡി അധികൃതരും സ്വീകരിച്ചത്.

Malayalam News
Kerakla News in English