എഡിറ്റര്‍
എഡിറ്റര്‍
എം.എ ബേബിയ്‌ക്കെതിരായ കേസ് പ്രതിഷേധാര്‍ഹമെന്ന് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
എഡിറ്റര്‍
Monday 21st January 2013 11:03am

കോഴിക്കോട്: ദക്ഷിണ കന്നഡയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദേ സ്‌നാന എന്ന ആചാരത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയ്‌ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Ads By Google

വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം അവയുടെ കാലിക പ്രസക്തിയുടേയും അവ മുന്നോട്ട് വെയ്ക്കുന്ന സാമൂഹ്യ മൂല്യങ്ങളുടെ ഗുണപരതയുടേയും അടിസ്ഥാനത്തില്‍ നിരന്തരമായി വിലയിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെടുന്നത് തന്നെയാണ് നല്ലത്.

അത്തരത്തിലുള്ള വിലയിരുത്തലുകളെ മതവികാരം വ്രണപ്പെടത്തലായി വ്യാഖ്യാനിക്കുന്നത് പ്രതിലോമകരവും ജനാധിപത്യ വിരുദ്ധവുമാണെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

സ്വതന്ത്ര വിമര്‍ശനങ്ങള്‍ കൊണ്ട് ആരുടേയെങ്കിലും മതവികാരം വ്രണപ്പെടുമെങ്കില്‍ യഥാര്‍ത്ഥത്തില്‍ കുഴപ്പം അത്തരം വികാരങ്ങളുടേത് മാത്രമാണ്. ഇന്ന് നാം കാണുന്ന ഓരോ മതവും കടന്നുവരുന്നത് അതത് കാലത്ത് നിലനിന്നിരുന്ന മറ്റ് മതങ്ങളേയും അവയുടെ ആചാരങ്ങളേയുമൊക്കെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് തന്നെയാണ്. സ്വാഭാവികമായും അന്നും ആരുടേയെങ്കിലുമൊക്കെ വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുമുണ്ടാകുമെന്ന് ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

അതുകൊണ്ട് തന്നെ വികാരജീവികളായി മാറുകയല്ല മറിച്ച് വിമര്‍ശനങ്ങളെ അതിജീവിക്കാനുള്ള ഉള്‍ക്കരുത്ത് തങ്ങളുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

നവോത്ഥാന മൂല്യങ്ങളെ കയ്യൊഴിഞ്ഞ് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും തിരിഞ്ഞുനടക്കാനുള്ള വ്യഗ്രത കേരളത്തിലും ഒട്ടും കുറവല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ദക്ഷിണ കന്നഡയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദെ സ്‌നാന എന്ന ആചാരത്തിനെതിരെ കഴിഞ്ഞ മാസം 26 ന് സി.പി.ഐ.എം നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് എം.എ ബേബി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.

ബ്രാഹ്മണരുടെ ഉച്ചിഷ്ടത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ കിടന്നുരുളുന്ന ആചാരമാണിത്. സമരം ഉദ്ഘാടനം ചെയ്ത ബേബിയുടെ പ്രസംഗം പ്രകോപനപരവും സ്പര്‍ധ വളര്‍ത്തുന്നതുമായിരുന്നു എന്ന് കാണിച്ചാണ് കേസ് എടുത്തത്.

അതേസമയം തനിയ്‌ക്കെതിരെ കേസെടുത്ത നടപടി കര്‍ണാടക സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകളുടെ തുടര്‍ച്ചയാണെന്നായിരുന്നു എം.എ ബേബിയുടെ പ്രതികരണം. മഅദനിയുടെ ജാമ്യ നിഷേധത്തിനും മാധ്യമപ്രവര്‍ത്തക ഷാഹിനയ്‌ക്കെതിരെയുള്ള കേസിനും പിന്നാലെ കര്‍ണാടക സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതീരുമാനങ്ങളുടെ പിന്‍തുടര്‍ച്ചയാണ് ഇതെന്നും ബേബി പറഞ്ഞിരുന്നു.

Advertisement