Categories

വി-സ്റ്റാറിന്റെ ഹരജിയില്‍ സി.ഐ.ടി.യു വിന് നോട്ടീസ്

കൊച്ചി:കൊച്ചി: സി.ഐ.ടി.യു വില്‍ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വി.സ്റ്റാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സി.ഐ.ടി.യു.വിനും കൊച്ചി സിറ്റി പോലീസിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

സി.ഐ.ടി.യു തൊഴിലാളികളില്‍ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിസ്റ്റാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വിസ്റ്റാര്‍ ജനറല്‍ മാനേജര്‍ എ.വൈദ്യനാഥാണ് ഹരജി സമര്‍പ്പിച്ചത്.കൊച്ചിയിലെ ഗോഡൗണില്‍ ചരക്കിറക്കുന്നത് തടഞ്ഞുതമായി ബന്ധപ്പെട്ടാണ് ഹരജി.

ലേബര്‍ കാര്‍ഡുള്ള 11 കമ്പനി തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് വി സ്റ്റാര്‍ ഹര്‍ജി നല്‍കിയത്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ജോലിചെയ്യാനാവശ്യമായ പോലീസ് സംരക്ഷണം നല്‍കണമെന്നാണ് വി.സ്റ്റാര്‍ ആവശ്യപ്പെട്ടത്.

സി.ഐ.ടി.യു നേതാവ് ലോറന്‍സിന്റെ പ്രതികരണം

സ്ഥിരമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പണി നല്‍കാതിരിക്കുന്ന വി-സ്റ്റാറില്‍ നിന്ന് തൊഴിലാളികളെയാണ് സംരക്ഷിക്കേണ്ടതെന്ന് സി.ഐ.ടി നേതാവ് ലോറന്‍സ്. തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ് നിയമവിരുദ്ധമായി സംഘടിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനൊന്ന് തൊഴിലാളികള്‍ക്ക് ലേബര്‍ കാര്‍ഡ് നല്‍കിയത് നിയമാനുസൃതമായല്ല. അസിസ്റ്റന്റ് ലേബര്‍ ഓഫീസറാണ് ലേബര്‍ കാര്‍ഡ് തയ്യാറാക്കി നല്‍കിയിരിക്കുന്നത്. നിയമപരമായി അദ്ദേഹത്തിന് ഇതിന് അധികാരമില്ല. ഇതിനെതിരെ സി.ഐ.ടി.യു അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ലോറന്‍സ് പറഞ്ഞു.

ഷീല കൊച്ചൗസേപ്പിന്റെ പ്രതികരണം

ലേബര്‍ കാര്‍ഡുകള്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നാണ് വി-സ്റ്റാര്‍ ഗ്രൂപ്പ് എം.ഡി ഷീല കൊച്ചൗസേപ്പ് പറയുന്നത്. ഈ ലേബര്‍ കാര്‍ഡുകള്‍ വ്യാജമാണെങ്കില്‍ സി.ഐ.ടി.യുവിന്റെ തൊഴിലാളികളുടേയും വ്യാജമാണെന്ന് പറയാന്‍ തനിക്കും കഴിയുമെന്നും ഷീല പറഞ്ഞു.

കൈവെട്ടും കാലുവെട്ടും എന്നൊക്കെ പറയുന്ന സി.ഐ.ടി.യു തൊഴിലാളികളെ ഗുണ്ടകളെന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടതെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.