തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്റെ ജീവിതവും പ്രവര്‍ത്തനവും കേരള സര്‍വകലാശാലയുടെ ഗവേഷണ വിഷയമാകുന്നു. വ്യക്തി എന്ന നിലയില്‍ നിന്ന് ജനകീയ നേതാവിലേക്കുള്ള പരിവര്‍ത്തനമാണ് സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിഭാഗം ഗവേഷണ വിഷയമാക്കുന്നത്.

Ads By Google

ലോക വൃദ്ധദിനത്തോടനുബന്ധിച്ച് വി.എസ്സിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വി.എസിനെ ആദരിക്കാനെത്തിയ മനേജ്‌മെന്റ് കൂട്ടായ്മയായ ഐമേറ്റ്‌സ് ആണ് വി.എസ്സിനെ ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് ജനകീയ നേതാവായി ഉയര്‍ന്ന വി.എസ്സിന്റെ ജീവിതം പഠിച്ച് തയ്യാറാക്കുന്ന പ്രബന്ധം കേരളാ യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ.രാജന്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയിലെ 35 ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

വൃദ്ധദിനത്തിന്റെ ഭാഗമായി പൂക്കളും ഉപഹാരങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ വി.എസ്സിനെ സന്ദര്‍ശിച്ചത്. വിദ്യാര്‍ത്ഥികളുടെ സംശയത്തിന് വി.എസ് മറുപടി നല്‍കി. മാനസിക പിരിമുറുക്കമില്ലാതെ എങ്ങനെ പ്രവര്‍ത്തിക്കാനാകുന്നു എന്ന ചോദ്യത്തിന് സത്യസന്ധവും നീതിപൂര്‍ണവുമായ മനസ്സും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും മറികടക്കാം എന്നായിരുന്നു വി.എസ്സിന്റെ മറുപടി.