എഡിറ്റര്‍
എഡിറ്റര്‍
കാരാട്ടിനെ സന്ദര്‍ശിച്ചു; ടി.പി വധക്കേസ് കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി.എസ്
എഡിറ്റര്‍
Saturday 1st March 2014 10:21am

v.s

തിരുവനന്തപുരം: ടി.പി വധക്കേസില്‍ തന്റെ നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ടി.പിക്കേസ് കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം അറിയിച്ചു.

ഇതോടെ ടി.പിക്കേസില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് വി.എസ്. ടി.പിക്കേസില്‍ പാര്‍ട്ടി നിലപാട് ശരിയല്ല. ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്ന നടപടി ഉടന്‍ കൈക്കൊള്ളണമെന്നും വി.എസ് പറഞ്ഞു.

പാര്‍ട്ടിയുടെ കീഴ്ഘടകത്തിന് മേല്‍ഘടകം വഴങ്ങുന്ന സ്ഥിതിയാണിപ്പോള്‍. കീഴ്ഘടകത്തിന്റെ വാദം അപ്പാടെ അംഗീകരിക്കുന്ന നിലപാട് തിരുത്തണം. ഇതിന്റെ പേരില്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും വി.എസ് അറിയിച്ചു.

എന്നാല്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന നിലപാടായിരുന്നു പി.ബി നേരത്തെ കൈക്കൊണ്ടത്. അതിനാല്‍ത്തന്നെ വിഷയം കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നത് സംബന്ധിച്ച് സംശയങ്ങള്‍ തുടരുകയാണ്.

വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റിയെന്ന് കാണിച്ച് വി.എസ് നേരത്തെ കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു.

കേസിലെ പ്രതികളെ സന്ദര്‍ശിച്ച പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നടപടി ശരിയായില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ പ്രവൃത്തിയെ കേന്ദ്ര നേതൃത്വം തിരുത്തണമെന്നും കത്തില്‍ വി.എസ് ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാക്കളായ പ്രതികളെ പാര്‍ട്ടി തള്ളിപ്പറയണമായിരുന്നു.

പാര്‍ട്ടിക്കാര്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും വി.എസ് കത്തില്‍ പറയുന്നു.

സംഭവത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിനാണെന്നും കാര്യങ്ങള്‍ തുറന്ന് പറയുന്നത് വിഭാഗീയതയായി കാണരുതെന്നും വി.എസ് കത്തില്‍ പറഞ്ഞിരുന്നു.

Advertisement