ഫോട്ടോ: രാം കുമാര്‍

Subscribe Us:

കളിയിക്കാവിള: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടംകുളത്തേക്ക് തിരിച്ച പ്രതിപക്ഷനേതാവ്‌ വി.എസ് അച്യുതാനന്ദനെ തമിഴ്‌നാട് പോലീസ് തടഞ്ഞു. കൂടംകുളം സന്ദര്‍ശനം തമിഴ്‌നാട്ടില്‍ ക്രമസമാധാന ഭംഗമുണ്ടാക്കുമെന്ന തമിഴ്‌നാട് പോലീസിന്റെ ഔപചാരിക അഭ്യര്‍ത്ഥന മാനിച്ച് താന്‍ നിരാശയോടെ കേരളത്തിലേക്ക് മടങ്ങുകയാണെന്ന് വി.എസ് പറഞ്ഞു.

Ads By Google

‘ഉദയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗാന്ധിയന്‍ മാതൃകയിലുള്ള സമരത്തില്‍ പങ്കുചേരുന്നതിനായിരുന്നു ഞാന്‍ വന്നത്. എന്നാല്‍ അതിന് കഴിഞ്ഞില്ല. അതില്‍ ഞാന്‍ നിരാശനാണ്. എന്റെ സന്ദര്‍ശനം തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നാണ് പോലീസ് പറയുന്നത്. അതിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ സംസ്ഥാനം സമാധാനമായി മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൂടംകുളത്ത് സമരം ചെയ്യുന്ന ജനതയെ കാണാനും സമരത്തിനോടുള്ള തന്റെ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ കഴിയാത്തതിലും വിഷമമുണ്ട്.

2008ല്‍ ആണവകരാര്‍ പ്രശ്‌നത്തില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഇറങ്ങിപ്പോന്ന ഒരു പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനാണ് ഞാന്‍. ഇപ്പോഴും ആ നിലപാടാണ് ഞാന്‍ പിന്തുടരുന്നത്. മലയാളിയെന്നോ തമിഴനെന്നോ ഹിന്ദിക്കാരനെന്നോ വേര്‍തിരിക്കുന്ന പ്രശ്‌നമല്ല ഇത്. സമാധാനത്തിനായുള്ള ആഗോള ജനതയുടെ പ്രശ്‌നമാണിത്.

കഴിഞ്ഞ 400 ദിവസമായി ഉദയകുമാറിന്റെ നേതൃത്വത്തില്‍ കൂടംകുളത്ത് പ്രതിഷേധം നടക്കുകയാണ്. ഇവരെ കാണാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. ലോക ജനതയ്ക്ക് ആണവനിലയം ആപത്താണെന്ന ആവശ്യം ഉന്നയിച്ചാണ് ഉദയകുമാറും സംഘവും കൂടംകുളത്ത് സമരം നടത്തുന്നത്.

ആണവനിലയം ഉണ്ടാകുന്നത് മൂലം ലോകജനതയ്ക്കുണ്ടാകാന്‍ പോകുന്ന ദോഷത്തെ കുറിച്ച് അറിയാവുന്നത് കൊണ്ടാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവായ ഞാന്‍ തിരുവനന്തപുരത്ത് നിന്നും ഇവിടെ വന്നത്.

എന്നാല്‍ ഇവിടെയെത്തിയ എന്നോട് പോലീസ് പറയുകയാണ് എന്റെ സന്ദര്‍ശനം തമിഴ്‌നാട്ടില്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന്. അതിനാല്‍ പോലീസിന്റെ ആ നിര്‍ദേശം ഞാന്‍ മാനിക്കുകയാണ്. എങ്കിലും കൂടംകുളത്തെ ജനതയോടുള്ള എന്റെ ഐക്യദാര്‍ഢ്യത്തിന് മാറ്റമൊന്നുമില്ല. കൂടംകുളത്തെത്തി ഉദയകുമാറിനെയും സംഘത്തെയും കാണാനാകാത്തതില്‍ നിരാശയുണ്ട്. എങ്കിലും എന്റെ സന്ദര്‍ശം യാതൊരു തരത്തിലുള്ള പ്രശ്‌നത്തിനും ഇടയാവരുതെന്നുള്ളതുകൊണ്ട് ഞാന്‍ തിരിച്ച് പോവുകയാണ്‌’-വി.എസ് പറഞ്ഞു.

വി.എസ് കളിയിക്കാവിളയില്‍ എത്തിയ ഉടന്‍ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. അവരോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ച ശേഷമായിരുന്നു വി.എസിന്റെ ലഘുപ്രസംഗം.

കളിയിക്കാവിളയില്‍ വി.എസിനെ തടയാന്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നു. കന്യാകുമാരി എസ്.പി പര്‍വേശ് കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സന്നാഹം ഒരുങ്ങിയിരിക്കുന്നത്. കളിയിക്കാവിളയില്‍ വി.എസിനെ തടയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച് യാത്ര മാറ്റിവെക്കണമെന്ന് വി.എസ്സിനോട് കേരള, തമിഴ്‌നാട് പോലീസ് സേനകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ എന്ത് പ്രത്യാഘാതമുണ്ടായാലും താന്‍ കൂടംകുളത്തേക്ക് പോകുമെന്ന് വി.എസ്. ആവര്‍ത്തിക്കുകയായിരുന്നു.

കൂടംകുളത്ത് ആണവറിയാക്ടറിനെതിരെ ജനങ്ങള്‍ നടത്തുന്ന സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ സന്ദര്‍ശനം സുരക്ഷാഭീഷണിയുണ്ടാക്കുമെന്ന് ഇന്നലെ തമിഴ്‌നാട് പോലീസ് കേരള പോലീസിനെ അറിയിച്ചിരുന്നു.

അതേസമയം, വി.എസ്സിന്റെ കൂടംകുളം സന്ദര്‍ശനം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാക്കള്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുമുണ്ട്. അച്യുതാനന്ദന്റെ കൂടംകുളം സന്ദര്‍ശനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.