തിരുവനന്തപുരം: രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയാല്‍ കര്‍ശനമായി നേരിടുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍.

ഇപ്പോഴത്തെ സമരം അനാവശ്യമാണ്. സത്‌നാംസിങ് കേസില്‍ രണ്ട് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരായ ഡോക്ടര്‍മാരുടെ പേരില്‍ നടപടിയെടുത്തത്.

Ads By Google

കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുക സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ സമരവുമായി രംഗത്തെത്തുന്നത് ശരിയല്ലെന്നും ശിവകുമാര്‍ പറഞ്ഞു.

സമരം പ്രഖ്യാപിച്ചത് അധാര്‍മികവും ജനവിരുദ്ധവുമാണ്. വിഷയം രമ്യമായി പരിഹരിക്കാനായി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതാണ്. എന്നാല്‍ സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ സ്വന്തം നിലപാടിന്‍മേല്‍ ഉറച്ച് നില്‍ക്കുകയാണ് അവരെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി.

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം ഗവ. ആശുപത്രി, ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. എന്‍.ആര്‍.എച്ച്.എം ഡ്യൂട്ടി, വി.ഐ.പി ഡ്യൂട്ടി, ക്യാമ്പുകള്‍ എന്നിവയില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.