തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ചുള്ള തീരുമാനം ആഗസ്ത് അഞ്ചിനകം ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ബസുടമകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങളെ സംബന്ധിച്ച് അഞ്ചിനു മുമ്പായി നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും തീരുമാനമെടുക്കുക. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും.

കുറഞ്ഞ യാത്രാനിരക്ക് ആറു രൂപയാക്കണമെന്നും കിലോമീറ്റര്‍ ചാര്‍ജ് 55 പൈസയില്‍നിന്ന് 65 പൈസയാക്കി ഉയര്‍ത്തണമെന്നും സംഘടനാപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ആനുകൂല്യം 23 വയസുവരെയാക്കി നിജപ്പെടുത്തണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ യാത്രാനിരക്ക് അഞ്ചുരൂപയാക്കണമെന്നും കിലോമീറ്റര്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്ടെന്നും വിദഗ്ധസമിതി ശുപാര്‍ശ ചെയ്തതായും മന്ത്രി പറഞ്ഞു.

അതേസമയം അഞ്ചിനുള്ളില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ആറു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമ സംഘടനാപ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.