എഡിറ്റര്‍
എഡിറ്റര്‍
‘കേന്ദ്രത്തിലെ രണ്ടാമനെതിരെ പറയാന്‍ കൊച്ചുമാണിക്ക് എന്തവകാശം’: വി.എസ്
എഡിറ്റര്‍
Saturday 17th November 2012 12:06pm

തിരുവനന്തപുരം: ആന്റണിക്കെതിരെ പറയാന്‍ കൊച്ചുമാണിക്ക് എന്തവകാശമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. മുന്നണിയിലെ കാര്യത്തെപ്പറ്റി പറയാന്‍ മാണിക്ക് എങ്ങനെ കഴിയുമെന്നും ആന്റണി കേന്ദ്രത്തിലെ രണ്ടാമനാണെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

ഘടകകക്ഷിയിലെ നേതാവെന്ന നിലയില്‍ മാത്രമാണ് മാണിക്ക് പ്രതികരിക്കാന്‍ അവകാശമെന്നും വി.എസ് വ്യക്തമാക്കി.

Ads By Google

കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്ന് പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ എ.കെ.ആന്റണി പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനേയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനേയും വേദിയിലിരുത്തിയായിരുന്നു യു.ഡി.എഫിനെതിരെയുള്ള ആന്റണിയുടെ കടുത്ത വിമര്‍ശനം.

2006 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാത്ത സഹായമാണ് തനിക്ക് നല്‍കിയത്. പദ്ധതികളെക്കുറിച്ച് താന്‍ കേന്ദ്രത്തിലിരുന്ന് പ്രഖ്യാപിച്ചിരുന്നതേയുള്ളൂ. അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും മുഖ്യമന്ത്രിയായിരുന്ന വി.എസുമൊക്കെ മുന്‍കൈയെടുത്താണ് പദ്ധതികള്‍ക്ക് ഇവിടെ തുടക്കം കുറിച്ചത്.

അന്നത്തെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ പുകഴ്ത്താന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല. എനിക്കറിയുന്ന എല്ലാ നല്ല വാക്കുകളും ഉപയോഗിച്ച് ഞാനദ്ദേഹത്തെ പുകഴ്ത്തുകയാണെന്നും ആന്റണി പറഞ്ഞു.

കൂടാതെ ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയെക്കുറിച്ചും വി.എസ് പ്രതികരിച്ചു. പഠനത്തിനെന്ന പേരില്‍ തച്ചങ്കരി വിദേശത്ത് പോകുന്നത് കള്ളത്തരത്തിനാണെന്ന് വി.എസ് പറഞ്ഞു. എന്‍.ഐ.എയുടെ അനുമതിയില്ലാതെയാണ് സംസ്ഥാനസര്‍ക്കാര്‍ തച്ചങ്കരിക്ക് വിദേശത്ത് പോകാന്‍ സമ്മതം നല്‍കിയതെന്നും വി.എസ് ആരോപിച്ചു. തച്ചങ്കരി വിദേശത്തേക്ക് പോകുന്നത് കള്ളത്തരം കാണിക്കാനാണെന്ന് എന്‍.ഐ.എ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആഭ്യന്തരമന്ത്രിക്ക് ഇത് അറിയാത്തതല്ല. എന്നിട്ടും സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. തച്ചങ്കരിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നും എന്നാല്‍ ഈ അനുമതി ഇതുവരെ കിട്ടിയിട്ടില്ലെന്നും വി.എസ് പറഞ്ഞു. തച്ചങ്കരിയെ പ്രീണിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

Advertisement