തിരുവനന്തപുരം: സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ അറസ്റ്റ് അപലപനീയമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. നാല്പാടി വാസു വധക്കേസില്‍ ഇതുവരെ സുധാകരനെതിരെ നടപടിയെടുത്തില്ലെന്നും മണിയോട് സര്‍ക്കാര്‍ മര്യാദ കാണിച്ചില്ലെന്നും വി.എസ് പറഞ്ഞു.

മണിയുടെ അറസ്റ്റ് നിയമവിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മണിയെ അറസ്റ്റ് ചെയ്തതെന്നും ഒരു ഭീകരവാദിയോടെന്ന പോലെയാണ് മണിയോട് സര്‍ക്കാര്‍ പെരുമാറിയതെന്നും കോടിയേരി വ്യക്തമാക്കി.

Ads By Google

മണിയുടെ അറസ്റ്റ് നിയമപരമായിട്ടാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിടുക്കപ്പെട്ടല്ല അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എല്ലാ നിയമവശങ്ങളും നോക്കിയശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് അധികാരമുണ്ട്. അറസ്റ്റ് ചെയ്യേണ്ട സമയം തീരുമാനിക്കുന്നത് അന്വേഷണസംഘമാണ്. അറസ്റ്റിന്റെ കാരണം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മണിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും കോലങ്ങള്‍ കത്തിച്ചിട്ടുണ്ട്. വന്‍ സുരക്ഷാ സന്നാഹമാണ് ഇടുക്കിയില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ 5.50ന് വീട് വളഞ്ഞായിരുന്നു അറസ്റ്റ്. ഡിസംബര്‍ 4 വരെ മണിയെ റിമാന്‍ഡ് ചെയ്ത് പീരുമേട് സബ്ജയിലിലേക്ക് കൊണ്ടുപോയി. നെടുങ്കണ്ടം പോലീസാണ് മണിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സി.പി.ഐ.എം ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ഇടുക്കിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കും.

മേയ് 25 ന് തൊടുപുഴക്കടുത്ത് മണക്കാട് മണി നടത്തിയ പ്രസംഗം അഞ്ചേരി ബേബി വധക്കേസില്‍ മണിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്.

1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെടുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടായിരുന്നിട്ടും പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, മുപ്പത് വര്‍ഷത്തിനുശേഷം മെയ് 25ന് മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം.

മണിയുടെ വിവാദ പ്രസംഗം വാര്‍ത്തയായതോടെയാണ് ജില്ലയില്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.