എഡിറ്റര്‍
എഡിറ്റര്‍
മലയാളം സര്‍വകലാശാല: ശുപാര്‍ശ നല്‍കാന്‍ വിദഗ്ധ സമിതി വേണമെന്ന് വി.എസ്
എഡിറ്റര്‍
Saturday 29th September 2012 12:02am

തിരുവനന്തപുരം: നിര്‍ദിഷ്ട മലയാളം സര്‍വകലാശാലയുടെ അക്കാദമിക് കാര്യങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

മലയാളം സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ പുതിയ സര്‍വകലാശാല വേണ്ടത്ര മുന്നൊരുക്കമില്ലാതെ വരുന്ന നവംബര്‍ ഒന്നിന് തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്യുന്നത് ഉചിതമാണെന്ന് അഭിപ്രായമില്ല. ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് മലയാളം സര്‍വകലാശാല സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നാണ് മനസിലാക്കുന്നത്.

Ads By Google

സര്‍വകലാശാലയിലെ കോഴ്‌സുകള്‍ സംബന്ധിച്ചും മറ്റുമുള്ള മുഴുവന്‍ അക്കാദമിക് കാര്യങ്ങളും എങ്ങനെയാകണമെന്ന നിര്‍ദേശങ്ങളും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടെന്നാണ് മനസിലാക്കുന്നത്. എം.എ കവിത, എം.എ നാടകം, എം.എ നോവല്‍ എന്നിങ്ങനെയുള്ള കോഴ്‌സുകളാണ് ആ റിപ്പോര്‍ട്ടിലുള്ളത്. രണ്ട് കേന്ദ്രങ്ങളിലായി നൂറേക്കര്‍ സ്ഥലത്ത് സര്‍വകലാശാല സ്ഥാപിക്കുമെന്നാണ് പറയുന്നത്.

ഇത് തികച്ചും അപര്യാപ്തമാണ്. മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതെവിടെ എത്ര സ്ഥലം വേണ്ടിവരും എന്നീ കാര്യങ്ങളിലും കൂടുതല്‍ പരിശോധനയും ചര്‍ച്ചയും ആവശ്യമാണ്. മലയാളം സര്‍വകലാശാല എന്നത്‌കൊണ്ട് വിഭാവനം ചെയ്യുന്ന വിശാല ലക്ഷ്യങ്ങള്‍ക്ക് നിരക്കുന്ന നിര്‍ദേശങ്ങളല്ല ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളത്.

തമിഴ്,കന്നട,തെലുങ്ക് സര്‍വകലാശാലകളുടെ മാതൃകയിലും ഭാഷയും ഭാഷാശാസ്ത്രവും സാഹിത്യവും കേരള സംസ്‌ക്കാരവുമെല്ലാം സംബന്ധിച്ച വിശേഷാല്‍ പഠനത്തിന് സഹായകമായതുമായ സര്‍വകലാശാലയാണുണ്ടാകേണ്ടത്. അതോടൊപ്പം മലയാളത്തിലെ വൈജ്ഞാനിക സാഹിത്യ വികസനവും ലക്ഷ്യമിടണം.

അതിന് ഈ വിഷയങ്ങളിലെ പ്രഗത്ഭ അധ്യാപകരടങ്ങിയ ഒരു സമിതിയെ ചുമതലപ്പെടുത്തി ശരിയായ പഠനം നടത്തിച്ച് രൂപരേഖ തയ്യാറാക്കി വാങ്ങുകയും വിശദ ചര്‍ച്ചയ്ക്ക് ശേഷം അംഗീകാരം നല്‍കുകയും ചെയ്യുകയാണ് ഉചിതം. ഇതുമായി ബന്ധപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം പോലുള്ള സംഘടനകള്‍ സമര്‍പ്പിച്ച രൂപരേഖകളും ഉപസമിതിയുടെ പരിഗണനക്ക് നല്‍കുന്നതും ഉചിതമാകും.

മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടിയെടുക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ശ്രമങ്ങള്‍ ഈ സര്‍ക്കാരും മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. അതിനേക്കാളും പരമപ്രധാനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം ഒന്നാം ഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവുമാക്കുക എന്നതാണ്.

അക്കാര്യത്തില്‍ വൈകിയാണെങ്കിലും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ നിശ്ചയദാര്‍ഢ്യമില്ലെന്ന ആക്ഷേപമുണ്ട്. സി.ബി.എസ്. ഈ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി വന്നിരിക്കുന്നു. ഇങ്ങനെയൊരു വിധിയുണ്ടായത് സര്‍ക്കാര്‍ അഭിഭാഷകര്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാലാണെന്ന വിമര്‍ശനമുയര്‍ന്നിട്ടും കണ്ടമാനം സി.ബി.എസ്.ഇ സ്‌കൂളുകള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണല്ലോ.

ഇതേ നില തുടര്‍ന്നാല്‍ മലയാളം അറിയുകയേ ചെയ്യാത്ത കേരളീയരുടെ എണ്ണമാണ് വര്‍ധിച്ചുവരിക. മലയാള ഭാഷയെ കൊല്ലുന്നതി് തുല്യമാണത്. അതുകൊണ്ട് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവുമാക്കിക്കൊണ്ടുള്ള ഉത്തരവ് സംരക്ഷിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കണം.മാത്രമല്ല അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണം നടത്താനും നടപടിയുണ്ടാകണം. വി.എസ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Advertisement