എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും; പാര്‍ട്ടിയെ ന്യായീകരിച്ച് വി.എസ്
എഡിറ്റര്‍
Monday 17th March 2014 2:33pm

vsachu

തിരുവനന്തപുരം: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യമായി പാര്‍ട്ടിയെ ന്യായീകരിച്ച് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍.

ടി.പി വധക്കേസില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വി.എസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ സംശയിച്ചിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരെ കൊല്ലുകയെന്നത് പാര്‍ട്ടി അജണ്ടയല്ല- വി.എസ് പറഞ്ഞു.

ആര്‍.എസ്.പിയുടെ മുന്നണി മാറ്റം സി.പി.ഐ.എമ്മിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ദേശീയ തലത്തില്‍ ഇടതുപക്ഷം മോശമല്ലാത്ത പ്രകടനം കാഴ്ച വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ എല്‍.ഡി.എഫിന്റെ വിജയസാധ്യതയെ കുറിച്ച് പ്രചാരണത്തിനു ശേഷം പറയാമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്വതന്ത്രര്‍ കൂടുതലാണെന്ന ആരോപണമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രരെ ന്യായീകരിച്ചുകൊണ്ടും വി.എസ് സംസാരിച്ചു.

ഇ.എം.എസ് മന്ത്രിസഭയില്‍ മുതല്‍ സ്വതന്ത്രരെ ജനം പരീക്ഷിച്ചു വിജയിച്ചതാണെന്നും മുണ്ടശ്ശേരി മാസ്റ്ററെയും കൃഷ്ണയ്യരെയും സ്വതന്ത്രരായാണ് മത്സരിപ്പിച്ചിട്ടുള്ളതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ടി.പി വധക്കേസില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിനെ നേരത്തേ വി.എസ് ഭാഗികമായി തള്ളിയിരുന്നു. ടി.പി കൊല്ലപ്പെട്ടതു മുതല്‍ പാര്‍ട്ടിയ്ക്കകത്തും പലപ്പോഴും പുറത്തുമായി പാര്‍ട്ടിയെ വി.എസ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതാദ്യമായാണ് വി.എസ് ടി.പി കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Advertisement