എഡിറ്റര്‍
എഡിറ്റര്‍
വി.എസ് പ്രശ്‌നം: പിണറായിയ്ക്ക് കാസര്‍ഗോഡ് പാര്‍ട്ടി പരിപാടിയില്‍ അയിത്തം
എഡിറ്റര്‍
Wednesday 5th March 2014 6:11am

pinarayi-vijayan-580-406

കാസര്‍ഗോഡ്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിയ്ക്കുന്നതില്‍ ലോക്കല്‍ കമ്മറ്റിയില്‍ എതിര്‍പ്പ്.

മടിക്കൈ പുളിക്കാല്‍ എ.കെ.ജി സ്മാരക ലൈബ്രറി ഉദ്ഘാടനത്തിന് പിണറായിയെ പങ്കെടുപ്പിയ്ക്കുന്നതില്‍ ലോക്കല്‍ കമ്മറ്റിയില്‍ എതിരഭിപ്രായം വന്നതായാണ് വിവരം.

വി.എസ് അനുകൂലരായ ലോക്കല്‍ കമ്മറ്റിയ്ക്ക് ഉദ്ഘാടനത്തിന് വി.എസിനെ കൊണ്ടു വരണമെന്നായിരുന്നു ആഗ്രഹമെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിന് വി.എസിന് ഔദ്യോഗിക പ്രശ്‌നങ്ങളുള്ളതിനാല്‍ അതിന് കഴിയാതെ പോവുകയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വി.എസ് അച്യുതാനന്ദനു പകരം പിണറായിയെ പരിപാടിയില്‍ കൊണ്ടു വരുന്നതിനോട് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് പിന്നീട് വി.എസിനോട് മൃദു സമീപനം പുലര്‍ത്തുന്ന ദേശീയ നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദാ കാരാട്ടിനെ പങ്കെടുപ്പിയ്ക്കാന്‍ ലോക്കല്‍ കമ്മറ്റി ശ്രമിച്ചതായും സൂചനയുണ്ട്.

വി.എസ് വിരുദ്ധരായ നേതാക്കളെയെല്ലാം പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായും വിവരമുണ്ട്.

സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പെട്ട പ്രദേശത്താണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് രഹസ്യ വിലക്ക് വന്നിരിയ്ക്കുന്നത്.

വിഭാഗീയതാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നത് തിരഞ്ഞെടുപ്പ് അടുത്തിരിയ്‌ക്കേ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ആഭ്യന്തര കലഹങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം.

എങ്കിലും പാലക്കാട് വച്ചു നടന്ന പാര്‍ട്ടി പ്ലീനത്തില്‍ പ്രത്യേക പരാമര്‍ശം നേരിട്ട നീലേശ്വരത്തോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ പിണറായി വിരുദ്ധ വികാരം വ്യാപകമാവുന്നതെന്നതും ശ്രദ്ധേയമാണ്.

Advertisement