ന്യൂദല്‍ഹി: വി.എസ്.അച്ചുതാനന്ദന്‍ സിപിഐഎം-ലെ ജനപ്രീതിയുള്ള നേതാവാണെന്ന് പ്രകാശ് കാരാട്ട്. പാര്‍ട്ടിയുടെ ഉത്തമ താല്‍പ്പര്യം പരിഗണിച്ചാണ് വി.എസിനെ പ്രചാരണ നായകനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പ്രകാശ് കാരാട്ട് രാജിവെക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ രാജിവെക്കില്ലെന്ന് ദല്‍ഹിയില്‍ ദേശീയ മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നവരുടെ വിരമിക്കല്‍ കാലാവധി നിശ്ചയിക്കണമെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് രണ്ടുമുതല്‍ നാലുതവണ വരെ ജനറല്‍സെക്രട്ടറിയാകാം. ഈ നിര്‍ദ്ദേശം പാര്‍ട്ടിക്ക് മുന്നില്‍ വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരിയമ്മയെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ നേരത്തെ ശ്രമിച്ചിരുന്നതായി കേരള രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിനുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എം.ആര്‍.മുരളിയെ തിരിച്ചെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.