തിരുവനന്തപുരം: ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി എല്‍.ഡി.എഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ അതിനെ എതിര്‍ക്കില്ലെന്നും വി.എസ് പറഞ്ഞു.

മറ്റുകക്ഷികളെ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും അതില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും വി.എസ് വ്യക്തമാക്കി.

Ads By Google

അതേസമയം മുന്നണി മാറുന്നതിനെക്കുറിച്ച് കേരള കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ് വ്യക്തമാക്കി. ഇപ്പോള്‍ അത്തരം സാഹചര്യമില്ലെന്നും മുന്നണി മാറ്റത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അത്തരം ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാമെന്നും മാണിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാണി വിവാദമായ പരാമര്‍ശം നടത്തിയത്.

വേര്‍പിരിയാനാവാത്തതല്ല മുന്നണി ബന്ധം എന്നാണ് മാണി ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധമെന്നും ശാശ്വതമാവണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിക്കുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ യു.ഡി.എഫ് വിടുമോ എന്ന ചോദ്യത്തിന് വിടില്ല എന്ന ഉത്തരം കെ.എം. മാണി നല്‍കുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നണി മാറ്റം നടത്തൂവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുന്നണിബന്ധം ശാശ്വതമായ കാര്യമല്ല. വിവാഹംപോലെയുള്ള ബന്ധവുമല്ല. മിനിമം പരിപാടിയുടെ പേരിലുള്ള ബന്ധം അതില്‍ മാറ്റം വരുമ്പോള്‍ ഇല്ലാതാകുമെന്നും മാണി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് പറയുന്നില്ല. അതേസമയം, നൂറുമാര്‍ക്ക് കിട്ടേണ്ട യു.ഡി.എഫ് സര്‍ക്കാരിന് താന്‍ 70 മാര്‍ക്ക് മാത്രമാണ് നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് നല്ല പാര്‍ട്ടിയായതിനാലാണ് എല്‍.ഡി.എഫ്. ക്ഷണിക്കുന്നത്. അവരെ കുറ്റംപറയില്ലെന്നും മാണി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ളവര്‍ അവരുടെ നിലപാട് വ്യക്തമാക്കുമ്പോള്‍ മറ്റു കാര്യങ്ങള്‍ ആലോചിക്കുമെന്ന് മാണിയുടെ വാക്കുകള്‍ക്ക് അനുകൂലമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിളള പിന്നീട് പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി.

രാഷ്ട്രീയത്തില്‍ പ്രവചനങ്ങള്‍ അസാധ്യമല്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെ മാറ്റാനുള്ള രാഷ്ട്രീയനീക്കം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുമെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഇടതുമുന്നണി പ്രതികരിച്ചതോടെ മാണിയുടെ നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.

അതിനിടെയാണ് മാണിയുടെ വിവാദ പരാമര്‍ശവും വരുന്നത്. എന്നാല്‍ യു.ഡി.എഫില്‍ നിന്ന് ആരും വിട്ടുപോകില്ലെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.