തൃശൂര്‍:ജീവിതത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് സാഹചര്യമുണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.വി കുഞ്ഞമ്പുവിന്റെ ഭാര്യയും പുന്നപ്രയില്‍ വി.എസ്സിന്റെ അയല്‍വാസിയും സഹപാഠിയും അനേകം സമരങ്ങളില്‍ പങ്കെടുത്തയാളുമായ പരേതയായ ദേവയാനിയുടെ ആത്മകഥയായ ‘ചോരയും കണ്ണീരും നനഞ്ഞ വഴികളു’ടെ അഞ്ചാംപതിപ്പിന്റെ പ്രസിദ്ധീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ന്നുവന്നതിന്റെ ഹൃദയസ്പൃക്കായ ചിത്രമാണ് ദേവയാനിയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ യാതനകള്‍ നിറഞ്ഞതായിരുന്നു കുഞ്ഞമ്പുവിന്റെയും ദേവയാനിയുടെയും ജീവിതമെന്ന് വി.എസ് ഓര്‍ക്കുന്നു.

കണ്ണൂരില്‍നിന്ന് ഒളിവില്‍ ആലപ്പുഴയിലെത്തിയ കുഞ്ഞമ്പുവും ദേവയാനിയുംതമ്മിലുള്ള വിവാഹത്തെക്കുറിച്ച് വി.എസ് പറഞ്ഞതിങ്ങനെ:’ഒരാഴ്ച നീണ്ട ഒരു പാര്‍ട്ടിക്ലാസിനൊടുവിലായിരുന്നു വിവാഹം. പുതിയ മുണ്ടും ഡ്രസുമൊക്കെയിട്ട് പൗരജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മുമ്പില്‍ താലികെട്ടുന്ന ഏര്‍പ്പാടൊന്നുമില്ല. പുതിയ ഉടുപ്പും മുഷിഞ്ഞ മുണ്ടും ഉടുത്താണ് കുഞ്ഞമ്പു വന്നത്. ദേവയാനി ഉടുത്തതും പഴയതുതന്നെ. വിവാഹശേഷം കരിവെള്ളൂര്‍സമരത്തില്‍ എ.വി അറസ്റ്റുചെയ്യപ്പെട്ടു. വീട്ടില്‍ ഒറ്റയ്ക്കായ ദേവയാനിയെ ഒറ്റുകാരും പോലീസുകാരും നിരന്തരം ശല്യം ചെയ്തു. രക്ഷതേടി നാട്ടിലെത്തിയപ്പോഴും പോലീസുകാര്‍ അവരെ വെറുതെവിട്ടില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത കാലമായിരുന്നു അത്’. നമ്മുടെ ചെറുപ്പക്കാരെ ഉണര്‍ത്താന്‍ ഈ അനുഭവങ്ങള്‍ക്ക് കഴിയണമെന്നും ഈ ജീവിതങ്ങള്‍ പഠിക്കാന്‍ അവര്‍ക്ക് സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെരിപ്പ് ഉമ്മറത്ത് ഊരിയിടുമ്പോലെ രാഷ്ട്രീയം വീടിനു പുറത്തുവെയ്ക്കുന്നവര്‍ക്ക് മനസ്സിലാകാത്തതാണ് ദേവയാനിയെപ്പോലുള്ളവരുടെ ജീവിതമെന്ന് പുസ്തകപരിചയം നടത്തിയ എം.എം നാരായണന്‍ പറഞ്ഞു.

പഴയ നവോത്ഥാന കാലത്തിന്റെ ഊര്‍ജം സ്വീകരിച്ചതാണ് വി.എസ്സിനെയും ദേവയാനിയെയുംപോലുള്ളവരുടെ കരുത്തെന്ന് പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ദേവകി നമ്പീശനാണ് വി.എസ്സില്‍നിന്ന് പുസ്തകം ഏറ്റുവാങ്ങിയത്.