എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ ഐ.ടിനയം ആം ആദ്മി സര്‍ക്കാര്‍ മാതൃകയാക്കുന്നു
എഡിറ്റര്‍
Thursday 16th January 2014 9:58am

v.s-kejri

ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഐ.ടി നയം ദല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതൃകയാക്കുന്നു.

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്ട്‌വെയറിലൂടെ വി.എസ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതിയും ഇ-ഗവേണന്‍സും ദല്‍ഹിയില്‍ നടപ്പിലാക്കുകയാണ് കെജ്‌രിവാള്‍.

ഇതുസംബന്ധിച്ച് സ്റ്റാള്‍മാനുമായും വി.എസിന്റെ മുന്‍ ഐ.ടി ഉപദേഷ്ടാവ് ജോസഫ് മാത്യുവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

ബില്‍ഗേറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള മൈക്രോസോഫ്ടിന്റെ കുത്തക തകത്ത് ഐ.ടി രംഗത്ത് പുതിയൊരു തുടക്കത്തിന് ലക്ഷ്യമിടുന്ന സ്റ്റാള്‍മാന്റെ സ്വതന്ത്ര സോഫ്ട് വെയറിനെക്കുറിച്ച്  മനസിലാക്കി വി.എസ് മുന്‍പ് അദ്ദേഹവുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു.

മൈക്രോസോഫ്ട് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌സ് രാജ്യം സന്ദര്‍ശിക്കുന്ന സമാന കാലത്ത് തന്നെയായിരുന്നു റിച്ചാര്‍ഡ്സ്റ്റാള്‍മാന്റെയും ഇന്ത്യാ സന്ദര്‍ശനം. എന്നാല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാനെ സ്വീകരിക്കുകയും സര്‍ക്കാരിന്റെ ഔദ്യോഗിക പിന്തുണ ലിനക്‌സിന് നല്‍കുകയും ചെയ്തിരുന്നു അന്നത്തെ വി.എസ് സര്‍ക്കാര്‍.

അങ്ങനെ വിദ്യാഭ്യാസ രംഗത്തും കെ.എസ്.ഇ.ബിയിലുമൊക്കെ സ്വതന്ത്ര സോഫ്ട് വെയര്‍ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കി ഇ-ഗവേണന്‍സ് നടപ്പിലാക്കുകയും ചെയ്തു വി.എസ് സര്‍ക്കാര്‍.

മൈക്രോസോഫ്ടിനെതിരെയുള്ള ചെറുത്തുനില്‍പ്പായി വി.എസ് സര്‍ക്കാരിന്റെ ഐ.ടിനയം അന്ന് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയ കെജ് രിവാള്‍ പ്രസ്തുത നയം ദല്‍ഹിയില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു

തുടര്‍ന്ന് കേരളത്തിലെത്തിയ റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഒപ്പം കൂട്ടി ജോസഫ് മാത്യു ദല്‍ഹിയിലെത്തി ചര്‍ച്ച നടത്തുകയുമായിരുന്നു.

കെജ്‌രിവാള്‍ ജനസമ്പര്‍ക്കപ്പരിപാടിക്ക് സമാനമായി തുടങ്ങിവച്ച ജനതാ ദര്‍ബാര്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ജനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സംവദിക്കാനാണ് നീക്കമിടുന്നത്.

ജനങ്ങളുടെ പരാതികള്‍ കേട്ട് അപ്പപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഇ-ഗവേണന്‍സ് പദ്ധതിയ്ക്കാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നത്.
സ്വതന്ത്ര സോഫ്ട് വെയറിലൂടെ ഇവ നടപ്പിലാക്കാനാണ് തീരുമാനമായത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂളുകളിലെ ഐ.ടി പഠനത്തിനും സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 2010 സെപ്തംബറില്‍ കോഴിക്കോട്  നടത്തിയ പ്രഭാഷണത്തിന്റെ  പൂര്‍ണരൂപം വായിക്കാം

Advertisement