എഡിറ്റര്‍
എഡിറ്റര്‍
പോലീസ് ക്രിമിനല്‍ പട്ടികയില്‍ സലീം രാജില്ല; ക്രിമിനലുകള്‍ക്ക് ചെന്നിത്തല മെഡലും നല്‍കുമെന്ന് വി.എസ്
എഡിറ്റര്‍
Tuesday 18th March 2014 12:56pm

vs--salim-raj

തിരുവനന്തപുരം: പോലീസ് ക്രിമിനല്‍ പട്ടികയില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനും ഭൂമി തട്ടിപ്പു കേസിലുള്‍പ്പെടെ പല കേസുകളിലും പ്രതിയുമായ സലീം രാജിന്റെ പേരില്ല. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആഭ്യന്തര വകുപ്പ് തയ്യാറാക്കുന്ന പോലീസ് ക്രിമിനല്‍ പട്ടികയിലാണ് സലീം രാജിന്റെ പേരില്ലാത്തത്.

ഇതേ തുടര്‍ന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. സലീം രാജിന് ചെന്നിത്തല പോലീസ് മെഡല്‍ നല്‍കുമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ആ വാര്‍ത്തയും കേള്‍ക്കാനാകുമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനല്‍ പട്ടിക തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോലീസുകാരെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് പട്ടിക തയ്യാറാക്കുക.

സലീം രാജുള്‍പ്പെടെ നിരവധി കേസിലുള്‍പ്പെട്ട പോലീസുകാരെ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായാണ് വിവരം.

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണിത്താനെ ആക്രമിച്ച കേസിലെ പ്രതികളായ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.വൈ.എസ്.പിയുള്‍പ്പെടെയുള്ള രണ്ടു പോലീസുകാരുടെ പേരും പട്ടികയിലില്ല.

ഇതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സ്വാധീനമുള്ളവരെയെല്ലാം പട്ടികയില്‍ നിന്നൊഴിവാക്കുകയും പെറ്റി കേസുകളുടെ പേരില്‍ പോലും പലരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായാണ് ആക്ഷേപം.

Advertisement