എഡിറ്റര്‍
എഡിറ്റര്‍
സാന്റിയാഗോ മാര്‍ട്ടിന് ലോട്ടറി ലൈസന്‍സ് നല്‍കരുത്: വി.എസ്
എഡിറ്റര്‍
Tuesday 19th November 2013 1:23pm

v.s-new2

തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിന് വീണ്ടും ലോട്ടറി ലൈസന്‍സ് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

നികുതി വകുപ്പും പാലക്കാട് നഗരസഭയും ഒത്താശ ചെയ്ത് നല്‍കിയ ലൈസന്‍സ് റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതേവരെ അത് ചെയ്തിട്ടില്ല.

ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ലൈസന്‍സ് തരപ്പെടുത്താനാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ശ്രമിക്കുന്നത്.

ലോട്ടറി മാഫിയയുടെ കടന്നുവരവിന് വീണ്ടും വഴിയൊരുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരും ഒത്താശ നടത്തുന്നുണ്ടെന്നുവേണം കരുതാന്‍. ഇതിന്റെ മറവിലാണ് മാര്‍ട്ടിന്‍ ലൈസന്‍സ് തരപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തുന്നത്.

ലോട്ടറി  തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റ് റജിസ്റ്റര്‍ ചെയ്ത ഇരുപത്തിമൂന്നോളം കേസുകള്‍ സി.ബി.ഐ കൂട്ടത്തോടെ എഴുതിത്തള്ളുകയായിരുന്നു. മാര്‍ട്ടിന്റെ തിരിച്ചുവരവിന് ഇതും കാരണമായിട്ടുണ്ട്.

നേരത്തെ സിക്കിം, ഭൂട്ടാന്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ കേരളത്തില്‍ നിന്ന് 5000 കോടി രൂപയിലേറെ മാര്‍ട്ടിന്‍ കൊള്ളയടിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മാര്‍ട്ടിനെ പുറത്താക്കുകയും കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.

ഈ കേസുകളാണ് സി.ബി.ഐ കൂട്ടമായി എഴുതിത്തള്ളിയത്. ഇതിനെതിരെ സര്‍ക്കാര്‍ പേരിന് അപ്പീല്‍ നല്‍കിയെങ്കിലും നടപടിയൊന്നും ആയിട്ടില്ല.

ഈ പഴുതുകളെല്ലാം ഉപയോഗിച്ചാണ് സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും ലോട്ടറി കച്ചവടത്തിന് കേരളത്തില്‍ അരങ്ങൊരുക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തെ കൊള്ളയടിക്കുന്ന മാര്‍ട്ടിന്റെ ലോട്ടറി കച്ചവടത്തിന് ഒരുകാരണവശാലും അംഗീകാരം നല്‍കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

Advertisement