എഡിറ്റര്‍
എഡിറ്റര്‍
ഹോര്‍ട്ടികോര്‍പ്പില്‍ നടക്കുന്നത് വന്‍ അഴിമതിയും വെട്ടിപ്പും: വി.എസ്
എഡിറ്റര്‍
Sunday 17th November 2013 4:06pm

v.s-new2

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പില്‍ നടക്കുന്ന വെട്ടിപ്പും അഴിമതിയും സംബന്ധിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹോര്‍ട്ട്‌കോര്‍പ്പ് സ്ഥാപിച്ചിട്ടുള്ളത്.

ഇങ്ങനെ ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുകയും ജനങ്ങള്‍ക്ക് കുറഞ്ഞ  വിലയ്ക്ക് പച്ചക്കറി കിട്ടുകയും ചെയ്യും. എന്നാല്‍ ഇത് ചെയ്യാതെ ഇടനിലക്കാരില്‍ നിന്നും മൊത്ത വ്യാപാരികളില്‍ നിന്നും വാങ്ങുന്നതിലാണ് വ്യാപകമായ വെട്ടിപ്പ് നടക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഹോര്‍ട്ടികോര്‍പ്പ് ഈ ലക്ഷ്യം നിറവേറ്റുന്നില്ലെന്ന് മാത്രമല്ല വിപണി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് പച്ചക്കറി വില്‍ക്കുകയും ചെയ്യുന്നു.

ഇതുമൂലം ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. കേരളത്തിലെ തന്നെ പച്ചക്കറി വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്ന വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വാങ്ങുന്നതിന് പകരം തിരുവനന്തപുരത്ത് ചാലയിലും മറ്റുമുള്ള ഇടനിലക്കാരില്‍ നിന്നും മൊത്ത വ്യാപാരികളില്‍ നിന്നും വാങ്ങി ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളില്‍ വില്‍ക്കുണ്‍ന്നതായാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനത്തിണ്‍നുവേണ്ടി സര്‍ക്കാര്‍ വലിയതോതില്‍ പണം ചെലവഴിക്കുന്നുമുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് തന്നെ 15 കോടി രൂപ സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പിന് നല്‍കിയതായാണ് കണക്ക്.

എന്നാല്‍ ഇതിന്റെ ഒരു പ്രയോജനവും സാധാരണ ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇടനിലക്കാരും മൊത്ത വ്യാപാരികളും ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകച്ചവടമാണ്  നടക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് വി.എസ്. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Advertisement