തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകുകയാണ് വേണ്ടതെന്നും അല്ലാതെ അന്വേഷണം തടസപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലായതോടെ സി.പി.ഐ.എമ്മിന്റെ പ്രതിഷേധ പരിപാടികളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം കൃത്യമായ രീതിയില്‍ തന്നെയാണ് പോകുന്നതെന്നാണ് വിശ്വാസം. അതില്‍ പോലീസ് അലംഭാവം കാണിച്ചാല്‍ അതിനുള്ള പ്രതികരണം അപ്പോള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടിയുമായി ഏതറ്റംവരെ പോകുന്നിനും ആഭ്യന്തര വകുപ്പ് പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ എതിര്‍പ്പുണ്ടാകില്ലെന്നും സുതാര്യമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നുമാണ് പൊലീസിന് നല്‍കിയിട്ടുള്ള മറ്റൊരു നിര്‍ദേശം.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നതുവരെ കേസില്‍ ഉള്‍പ്പെടുന്നവരുടെ നേതൃത്വവുമായി അന്വേഷണ സംഘം ബന്ധപ്പെടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.