ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ കാര്യങ്ങള്‍ ഓരോന്നായി പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ദല്‍ഹിയില്‍ സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ടി.കെ. രജീഷിന് പാര്‍ട്ടിയുമായി ബന്ധമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഓരോന്നായി വിവരങ്ങള്‍ പുറത്തുവരുമെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു വി.എസിന്റെ മറുപടി.

രജീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് തുറന്നുപറയാന്‍ വി.എസ് തയാറായില്ല. എം.എം. മണിയുടെ പ്രസംഗം രാഷ്ട്രീയലോകം തമാശയായി മാത്രമേ കാണാറുള്ളുവെന്നും വി.എസ് പറഞ്ഞു.

അതേസമയം ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയുമായി രജീഷിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്ന് പറഞ്ഞപ്പോള്‍ അത് അവരല്ലേ പറയുന്നത് എന്നായിരുന്നു ജയരാജന്റെ മറുപടി.

കെ.ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കൊച്ചനിയന്‍ വധക്കേസും നാല്‍പാടി വാസു വധക്കേസുമാണ് ഉമ്മന്‍ചാണ്ടി ആദ്യം അന്വേഷിക്കേണ്ടതെന്നായിരുന്നു ജയരാജന്റെ പ്രതികരണം.