തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വൈകിയാണെങ്കിലും വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതിയുടെ സമീപനത്തെ സ്വാഗതം ചെയ്യുകയാണെന്നും വി.എസ് പറഞ്ഞു.

Ads By Google

പല കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടോപാകാനുള്ള ചില ഉന്നതരുടെ ശ്രമം കേസിലുണ്ടായിരുന്നു. അതിന് തിരിച്ചടിയാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിയിലൂടെ വന്നിരിക്കുന്നത്.

സ്ത്രീ പീഡനത്തിനെതിരെ ജനരോഷം ആളിപ്പടരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു വിധി സന്തോഷം നല്‍കുന്നതാണ്. രാജ്യത്ത് സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നീതിപീഡം ശ്രമിക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കോടതി വിധി.

ഇത്തരം കേസുകള്‍ക്ക് സുപ്രീം കോടതി പ്രത്യേക പ്രാധാന്യം നല്‍കുന്നു എന്നത് ആശാസ്യകരമാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പെടെയുള്ള സ്ത്രീ പീഡനക്കേസുകളില്‍ നീതി നടപ്പാക്കുമെന്ന് വിശ്വാസമുണ്ട്.

സ്ത്രീ പീഡനക്കേസുകളില്‍ ഇടപെടുന്ന രാഷ്ട്രീയനേതാക്കളേയും മറ്റും കള്ളക്കേസില്‍ കുടുക്കി രക്ഷപ്പെടാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. സൂര്യനെല്ലി കേസില്‍ പല ഉന്നത നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കിയതാണ്.

അതില്‍ അന്വേഷണം വേണം. കൂടുതല്‍ ആളുകള്‍ ഇനിയും കേസില്‍ പിടികൂടാനുണ്ടെന്നാണ് അറിയാന്‍ കഴിയുന്നതെന്നും വി.എസ് പറഞ്ഞു.