എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് കരുതേണ്ട: വി.എസ്
എഡിറ്റര്‍
Tuesday 12th February 2013 2:05pm

തിരുവനന്തപുരം: പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

Ads By Google

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറണം എന്ന ആവശ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി.എസ്.

നിയമസഭയില്‍ ഇന്ന് നടന്ന വിഷയത്തെ കുറിച്ച് വിശദീകരിക്കാനായി അസംബ്ലി മീഡിയാ റൂമില്‍ എത്തിയ വി.എസ് അതിന് ശേഷം തനിയ്‌ക്കെതിരെയുള്ള പാര്‍ട്ടി നീക്കത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി വിശദീകരിക്കാന്‍ ഒരുങ്ങിയതായിരുന്നു.

തനിക്ക് എല്ലാത്തിനും മറുപടിയുണ്ടെന്ന് പറഞ്ഞ് സംസാരം തുടങ്ങിയെങ്കിലും പിന്നീട് മറുപടി ഇപ്പോള്‍ നല്‍കുന്നില്ലെന്നും പിന്നീട് വ്യക്തമാക്കാം എന്ന് പറഞ്ഞ് വി.എസ് പോകുകയായിരുന്നു.

വി.എസ് അച്യുതാനന്ദനെതിരെ നടപടിയെടുക്കണമെന്ന പ്രമേയം സി.പി.ഐ.എം സംസ്ഥാന സമിതി  ഇന്നലെ അംഗീകരിച്ചിരുന്നു. ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നിരന്തരം രംഗത്ത് എത്തിയ വി.എസിനെതിരേ കടുത്ത നടപടി വേണമെന്ന പ്രമേയമാണ് സംസ്ഥാന സമിതി അംഗീകരിച്ചത്.

ഫെബ്രുവരി നാലിന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചതോടെ തുടര്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതൃത്വത്തിന് അയച്ചുകൊടുക്കും.

ലാവലിനില്‍ അഴിമതിയില്ല എന്ന് പാര്‍ട്ടി വ്യക്തമാക്കിയതാണ്. തുടര്‍ന്നും വി.എസ് സ്വീകരിക്കുന്ന പരസ്യനിലപാട് പാര്‍ട്ടി തീരുമാനത്തോടുള്ള അവഹേളനമായാണ് പ്രമേയം വിലയിരുത്തുന്നത്. വി.എസിന്റെ അഭാവത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം അംഗീകരിച്ചത്. ഇന്നലെ സമാപിച്ച സംസ്ഥാനസമിതിയില്‍ നിന്നും വി.എസ് വിട്ടുനിന്നിരുന്നു.

അതേസമയം വി.എസ് അച്യുതാനന്ദന്റെ പ്രതിപക്ഷനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയുടെ അടിയന്തര പോളിറ്റ് ബ്യൂറോ യോഗം ഉടനില്ലെന്ന്  സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ന് രാവിലെ പറഞ്ഞു.

ഈ മാസം 20നും 21നും അടിയന്തര പി.ബി വിളിച്ചിട്ടുണ്ടെന്ന മാധ്യമ വാര്‍ത്ത തെറ്റാണെന്നും അന്ന് ദേശീയപണിമുടക്ക് നടക്കുന്ന ദിവസമാണെന്നും അടിയന്തര പി.ബി വിളിക്കേണ്ട ആവശ്യമില്ലെന്നും കാരാട്ട് പറഞ്ഞിരുന്നു.

Advertisement