എഡിറ്റര്‍
എഡിറ്റര്‍
ഗവണര്‍ണറുടെ നയപ്രഖ്യാപനം ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശ: വി.എസ്
എഡിറ്റര്‍
Friday 1st February 2013 1:08pm

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വിലക്കയറ്റത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെയുളള നയപ്രഖ്യാപനം ജനം അര്‍ഹിച്ച അവജ്ഞയോടെ തള്ളിക്കളയുമെന്നും വി.എസ് പറഞ്ഞു.

ജനകീയ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നും പറയാതെയുള്ള നയപ്രഖ്യാപനമാണ് ഇന്ന് കണ്ടത്. ആദ്യം ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് അറിയണം. അല്ലാതെ വെറുതേ ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലല്ല കാര്യമെന്നും വി.എസ് പറഞ്ഞു.

ഏറെ പ്രതീക്ഷയോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം കേട്ടത്. എന്നാല്‍ പ്രതീക്ഷകള്‍ പാടെ തകിടം മറിക്കുന്ന പ്രഖ്യാപനങ്ങളാണ് കണ്ടത്. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെയുള്ള നയപ്രഖ്യാപനം എന്തിനായിരുന്നെന്നും വി.എസ് ചോദിച്ചു.

സംസ്ഥാനത്ത് വ്യാപക മോഷണം നടക്കുന്ന അവസരത്തില്‍ പോലീസിന്റെ സേവനം മികച്ചതാണെന്ന് ഗവര്‍ണറെക്കൊണ്ട് പറയിപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ ന്യായീകരിച്ച നടപടി ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

സമഗ്ര കാര്‍ഷികവികസനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഗവര്‍ണറുടെ നയപ്രഖ്യാപനം. ഒരു ലക്ഷം പേര്‍ക്ക് മൂന്നു സെന്റ് വീതം ഭൂമി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് ജനറിക് മരുന്നുകള്‍, തീരദേശമേഖലകളുടെ വികസനത്തിന് പദ്ധതി, തൊഴില്‍ രഹിതര്‍ക്ക് പരിശീലനം, മാലിന്യ സംസ്‌ക്കണത്തിന് ആധുനിക പ്ലാന്റ്, ക്ഷീര കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി, സ്ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ പ്രത്യേക കോടതി, കോളേജുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കമ്യൂണിറ്റി കോളേജുകള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിനായതായി ഗവര്‍ണര്‍ പറഞ്ഞു. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി പദ്ധതികളുമായി ഏറെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനായി. വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. വൈദ്യുത പ്രതിസന്ധി തരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം സര്‍ക്കാരിന് ലഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.

Advertisement