എഡിറ്റര്‍
എഡിറ്റര്‍
അട്ടപ്പാടിയെ സൊമാലിയ ആക്കിയത് യു.ഡി.എഫ്. സര്‍ക്കാരെന്ന് വി.എസ്
എഡിറ്റര്‍
Tuesday 4th June 2013 12:30am

V.S. Achuthananthan

അട്ടപ്പാടി: അട്ടപ്പാടിയെ സൊമാലിയ ആക്കിയത് യു.ഡി.എഫ്. സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

ഇടതുമുന്നണി ഭരിച്ചപ്പോഴും അട്ടപ്പാടിയുണ്ടായിരുന്നു. അവിടെ ആദിവാസിയുമുണ്ടായിരുന്നു. അന്നവര്‍ക്ക് ഭക്ഷണവും തൊഴിലും കൃഷിസ്ഥലവും ഉണ്ടായിരുന്നു. ഇതൊന്നുമില്ലാത്ത വ്യസനകരമായ സ്ഥിതിയിലേക്ക് അട്ടപ്പാടിയെ എത്തിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.

Ads By Google

കുട്ടികളെല്ലാം മരിച്ചുവീഴുന്ന സൊമാലിയയിലേതിന് തുല്യമായ സ്ഥിതിയിലേക്ക് അട്ടപ്പാടിയെ തള്ളിവിട്ടതിന് ഉത്തരവാദി യു.ഡി.എഫ് മാത്രമാണ്.

അട്ടപ്പാടിയില്‍ നാല് ശിശുമരണങ്ങള്‍ വീതം നടന്ന കണ്ടിയൂര്‍, നെല്ലിപ്പതി ഊരുകള്‍ സന്ദര്‍ശിച്ചശേഷം അഗളിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുസര്‍ക്കാരിന്റെ കാലത്തെയും യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെയും ആദിവാസി ഊരുകളുടെ അവസ്ഥ താരതമ്യം ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തകര്‍ അത് ഏറ്റെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കണം വി.എസ്. പറഞ്ഞു.

ഈ അവസ്ഥയില്‍ ഇടതുരാഷ്ട്രീയപാര്‍ട്ടികളാണ് ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ 22 ടണ്‍ അരി വിതരണം ചെയ്തു. മരണം നടന്ന കുടുംബങ്ങള്‍ക്ക് സി.പി.ഐ. അയ്യായിരം രൂപ വീതം നല്‍കി.

ഡി.വൈ.എഫ്.ഐ. അരിയും പയറും വിതരണം ചെയ്തു. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍, കുഞ്ഞുങ്ങള്‍ മരിച്ച 43 കുടുംബങ്ങള്‍ക്ക് നയാപൈസ പോലും നല്‍കിയില്ല.

ആദിവാസികളെ സംരക്ഷിക്കാനെന്ന പേരില്‍ അട്ടപ്പാടിയിലെത്തിയ വന്തവാസികളുടെ കൈയിലേക്ക് ആദിവാസികളുടെ ഭൂമി പോകുകയാണോയെന്ന കാര്യത്തില്‍ സത്യസന്ധമായ പഠനം നടത്തണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 1,500 പേരാണ് ആത്മഹത്യ ചെയ്തത്. ജപ്തിനടപടികളും മറ്റുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇടതുമുന്നണി അധികാരത്തില്‍ വന്നതോടെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി. മോറട്ടോറിയം പ്രഖ്യാപിച്ചു.

പലിശരഹിതവായ്പ ഏര്‍പ്പെടുത്തി. ഒരു കൊല്ലം കൊണ്ടുതന്നെ ആത്മഹത്യകള്‍ നിലച്ചു. പിന്നീട് നാലുകൊല്ലം ആത്മഹത്യ ഉണ്ടായതേയില്ല. വീണ്ടും ഉമ്മന്‍ചാണ്ടി വന്നപ്പോള്‍ 67 പേരാണ് മരിച്ചതെന്നും അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

Advertisement