തിരുവനന്തപുരം: വനിതാ എം.എല്‍.എമാരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ സര്‍ക്കാരിന്റെ നിലപാട് ധിക്കാരപരമെന്ന്  പ്രതിപക്ഷ നേതാവ്‌ വി.എസ് അച്യുതാനന്ദന്‍.

Ads By Google

കേസില്‍ നടപടിയെടുക്കാന്‍ പോലീസിന്റെ വീഡിയോ കാണാന്‍ പോകുന്നത് മഠയത്തരമെന്നും, കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന്  മറ്റ് സംവിധാനങ്ങളുണ്ടെന്നും വി.എസ് പറഞ്ഞു.

രണ്ട് വനിതാ എംഎല്‍എമാരെ ക്രൂരമായാണ് പോലീസ് മര്‍ദ്ദിച്ചത്. തങ്ങള്‍ അടിയന്തരപ്രമേയം നിയമസഭയില്‍ കൊണ്ടുവന്നെങ്കിലും ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഇങ്ങിനെ ക്രൂരമായി പെരുമാറിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തശേഷമാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതെന്നും വി.എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പാമൊലിന്‍ കേസില്‍ അന്വേഷണം നടത്തി അടിയന്തിര നടപടി കൈകൊള്ളാന്‍ ആവശ്യപ്പെട്ട വിജിലന്‍സ് ജഡ്ജി ഹനീഫയെ പി.സി ജോര്‍ജിനെ കൊണ്ട് തെറിപ്പറയിപ്പിച്ച് ഓടിച്ച പാരമ്പര്യമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.

അതുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതിപക്ഷം ആരോപണമുന്നയിച്ചപ്പോള്‍ തങ്ങളെ തെണ്ടികളെന്ന് അധിക്ഷേപിച്ചതെന്നും ഇതിന് മറുപടി പറയാന്‍ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. ഈ കേസില്‍ തുടരന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ എ.ഐ.സി.സി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടും തന്റെ മുന്‍ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി ആദ്യം തയ്യാറായില്ല. ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിത്. ജനങ്ങള്‍ പറയുന്നതിനനുസരിച്ച് നിലപാടെടുക്കാനാവില്ലെന്നുളള മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത് വ്യക്തമാക്കുന്നുവെന്നും വി.എസ് പറഞ്ഞു.