തിരുവനന്തപുരം: തന്റെ കൂടംകുളം യാത്ര തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.  സംസ്ഥാന സമിതിയിലാണ് വി.എസ് തന്റെ കൂടംകുളം യാത്ര തെറ്റായിപ്പോയെന്ന് അറിയിച്ചത്. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിക്ക് എതിരായ നിലപാട് തനിക്കുണ്ടായിരുന്നെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കരുതായിരുന്നെന്നും വി.എസ് പറഞ്ഞു. ഇത് കൂടാതെ ടി.പി വിഷയത്തിലും തനിക്ക് തെറ്റ് പറ്റിയെന്നും വി.എസ് ഏറ്റുപറഞ്ഞു.

Ads By Google

തെറ്റ് ഏറ്റ് പറായാതിരുന്നതിന് കാരണമുണ്ടെന്നും വീഴ്ച്ച പറ്റിയകാരണങ്ങള്‍ വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിക്കുമെന്നും വി.എസ് പറഞ്ഞു. സംസ്ഥാന സമിതിയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് കൊണ്ടാണ് പരസ്യ വിശദീകരണത്തിന് തയ്യാറാവാതിരുന്നത്.

കൂടംകുളത്ത് പോകേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പോവാന്‍ വേണ്ടി വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി അതിനാലാണ് പോയത്്. എന്നാല്‍ അത് തെറ്റായിപ്പോയെന്നും വി.എസ് പറഞ്ഞു.

ടി.പി, കൂടംകുളം വിഷയങ്ങളില്‍ പാര്‍ട്ടിക്കൊപ്പമാണ് താന്‍ എന്ന് വി.എസ് പറയണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.  പി.ബി അംഗം എസ്. രാമചന്ദ്ര പിള്ളയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ചതിനും വി.എസ് മാപ്പ് പറഞ്ഞു.

പാര്‍ട്ടി നിലപാട് മറികടന്ന് വി.എസ് കൂടംകുളം യാത്ര നടത്തിയത് പാര്‍ട്ടിയില്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച അവസാനിച്ച കേന്ദ്ര കമ്മിറ്റിയില്‍ വി.എസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വി.എസ്സിന്റെ കൂടംകുളം യാത്ര ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് തമിഴ്‌നാട്ടിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

കൂടംകുളം  ജനകീയ വിഷയമാണെന്നും ആണവോര്‍ജ്ജത്തെക്കുറിച്ച് പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയായ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി ഒരു നയം രൂപപ്പെടുത്തിയിരുന്നെങ്കിലും അന്നത്തെ സ്ഥിതിയല്ല ഇപ്പോള്‍ കൂടംകുളം വിഷയത്തില്‍ നിലനില്‍ക്കുന്നതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.