എഡിറ്റര്‍
എഡിറ്റര്‍
തെറ്റ് ഏറ്റ് പറഞ്ഞ് നിലപാടിലുറച്ച് വി.എസ്
എഡിറ്റര്‍
Thursday 18th October 2012 1:28pm

 

V S Achuthanandan

തിരുവനന്തപുരം: നിലപാടില്‍ ഉറച്ച് സംഘടനാപരമായി തെറ്റ് ഏറ്റ് പറഞ്ഞ് വി.എസ് അച്യുതാനന്ദന്‍. ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംഘടനാപരമായി തനിക്ക് തെറ്റ് പറ്റിയെന്ന് വി.എസ് വ്യക്തമാക്കിയത്.

ടി.പി ചന്ദ്രശേഖരന്‍ വിഷയത്തിലും കൂടംകുളം വിഷയത്തിലും തനിക്ക് സംഘടനാപരമായി തെറ്റുപറ്റിയെന്നും എന്നാല്‍ കൂടംകുളം വിഷയത്തില്‍ തുടര്‍ന്നും താന്‍ ജാഗരൂഗനായിരിക്കുമെന്നും ചന്ദ്രശേഖരന്‍ ധീരനായ രക്തസാക്ഷിയാണെന്നും അദ്ദേഹത്തെ കുലംകുത്തിയെന്ന് പാര്‍ട്ടി സെക്രട്ടറി വിളിച്ചത് ശരിയായില്ലെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുരളീധരന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും വി.എസ് പറഞ്ഞു.

Ads By Google

വി.എസ്സിന്റെ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം:

കൂടംകുളം ആണവനിലം സംബന്ധിച്ച് ഞാന്‍ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ജപ്പാനിലെ ഫുകുഷിമ ആണവദുരന്തത്തിന്റെയും ലോകത്തെമ്പാടും ആണവനിലയങ്ങള്‍ക്കെതിരായ പ്രക്ഷോഭം ഉയര്‍ന്നു വന്നതിന്റെ പശ്ചാത്തലത്തിലാണ് ആണവനിലയങ്ങള്‍ക്കെതിരായ അഭിപ്രായ പ്രകടനം ഞാന്‍ നടത്തിയത്.

സുരക്ഷിതത്വ സംവിധാനമൊരുക്കാതെ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി ഉപജീവനമാര്‍ഗം അടച്ചുകൊണ്ട് ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം ന്യായമാണെന്ന് അഭിപ്രായം ഞാന്‍ പ്രകടിപ്പിക്കുകയുണ്ടായി.

സമരത്തിന് ആധാരമായ പ്രശ്‌നങ്ങള്‍ അറിയണമെന്ന ലക്ഷ്യത്തോടെ ഞാന്‍ ഇവിടുന്ന് യാത്ര പുറപ്പെടുകയും ചെയ്തു. സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസ് തടയുകയും, എന്റെ യാത്ര ക്രമസമാധാനപ്രശ്‌നമുണ്ടാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാല്‍ ഞാന്‍ അവിടെ നിന്നും മടങ്ങി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചുകൊണ്ടാണ് ഞാന്‍ യാത്ര പുറപ്പെട്ടത്.എന്നാല്‍ എന്റെ യാത്ര വലിയ വിവാദമായി മാറി. ആണവനിലയം സംബന്ധിച്ച് എന്റെ അഭിപ്രായങ്ങൡ ചിലത് പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമായി വന്നു. ഈ വിഷയം സി.പി.ഐ.എമ്മിന്റെ കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും പ്രമേയം അംഗീകരിക്കുകയും ചെയ്തു. ആ പ്രമേയം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

കൂടംകുളം നിലയത്തിന് അനുകൂലമായി പാര്‍ട്ടി നിലപാട് സ്വീകരിച്ചിരിക്കെ വിവാദത്തിന് ഇടയാക്കും വിധം ഞാന്‍ അങ്ങോട്ട് യാത്ര തിരിച്ചത് സംഘടനാ പരമായി ശരിയായ നടപടിയല്ലെന്ന വിമര്‍ശനം ഞാന്‍ അംഗീകരിക്കുന്നു. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാനകമ്മിറ്റിയിലും ഞാന്‍ വ്യക്തമാക്കുകയുണ്ടായി.

ആണവനിലയവും ആണവോര്‍ജ്ജവും സംബന്ധിച്ച ചര്‍ച്ചകള്‍ ലോകത്തൊട്ടാകെ നടക്കുന്നു. അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ആയതിനാല്‍ ഇത്തരം ശാസ്ത്രവിഷയങ്ങളില്‍ അന്തിമമായ തീര്‍പ്പ് കല്‍പ്പിക്കാറായിട്ടില്ല. കൂടംകുളം നിലയം ഇന്തോ അമേരിക്കന്‍ ആണവകരാര്‍ നിലവില്‍ വരുന്നതിന് രണ്ട് പതിറ്റാണ്ട് മുന്‍പ് കരാറായതാണ്. ആ നിലയത്തോട് സി.പി.ഐ.എമ്മിന് എതിര്‍പ്പില്ല. ജനങ്ങളുടെ ഉപജീവനം സൗകര്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തിക്കൊണ്ടും പ്രദേശത്തുള്ള ജനങ്ങളുടെ ഭയാശങ്കകള്‍ ദൂരീകരിച്ചുകൊണ്ടും ആണവനിലയം കമ്മീഷന്‍ ചെയ്യാവൂ എന്നാണ് പാര്‍ട്ടി നിലപാട്.

എന്നാല്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സ്വതന്ത്ര വിദഗ്ധ സമിതി പരിശോധിച്ച് സുരക്ഷാ കാര്യങ്ങള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കിയാലേ അത് കമ്മീഷന്‍ ചെയ്യാവൂ എന്ന് സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റിയും പുതിയ പ്രമേയം വ്യക്തമാക്കുന്നു. കൂടംകുളത്തെ ജനകീയ സമരത്തെ അടിച്ചമര്‍ത്തരുതെന്നും മര്‍ദ്ദന നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികള്‍ക്കെതിരെ ചാര്‍ജ് ചെയ്ത രാജ്യദ്രോഹമുള്‍പ്പെടെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

ഞാന്‍ പ്രകടിപ്പിച്ച വ്യത്യസ്ത അഭിപ്രായം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി വിശദമായ ചര്‍ച്ച നടത്തി പ്രമേയം പാസാക്കിയത്. പ്രമേയം ഞാന്‍ അംഗീകരിക്കുന്ന. സുരക്ഷിതത്വം ഉറപ്പ് വരുത്താതെ ആണവനിലയം കമ്മീഷന്‍ ചെയ്യരുതെന്ന പാര്‍ട്ടി നിലപാട് വ്യക്തമാണ്. സമരം ചെയ്യുന്ന ജനങ്ങള്‍ക്ക് എതിരല്ല പാര്‍ട്ടി. കൂടംകുളം പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിശദീകരിക്കണമെന്നും ഇന്നലെ വീണ്ടും കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഉപയോഗിച്ച ഇന്ധനം അഥവാ ആണവ മാലിന്യം എന്ത് ചെയ്യണമെന്നും സുപ്രീം കോടതി ചോദിച്ചിരിക്കുന്നു. കൂടംകുളത്ത് സമരം ചെയ്യുന്നവരുടെ ആശങ്ക ശരിവെയ്ക്കുന്ന ചോദ്യമാണിത്.

സുരക്ഷിതത്വത്തില്‍ ഊന്നിക്കൊണ്ടുള്ള സി.പി.ഐ.എം പ്രമേയത്തിന്റെ വര്‍ധിച്ച പ്രാധാന്യം ഇത് സൂചിപ്പിക്കുന്നു. കൂടംകുളം വിഷയത്തില്‍ എനിയ്ക്ക് സംഭവിച്ച സംഘടനാപരമായ പിഴവുകള്‍ സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളുകയും പാര്‍ട്ടി സ്വീകരിച്ച അച്ചടക്കനടപടി സ്വീകരിക്കുയും ചെയ്യുന്നതിനോടൊപ്പം കൂടംകുളം വിഷയത്തിലും ആണവോര്‍ജ്ജ വിഷയത്തിലും തുടര്‍ന്നും ജാഗരൂകനായി തന്നെയായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശ്രീ.കെ മുരളീധരന്‍ എം.എല്‍.എയും കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവിയും മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ഗവര്‍ണറുമായ ഡോ.എം.എം ജേക്കബ്ബും ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്. തന്റെ പിതാവായ കെ.കരുണാകരനെ ചാരക്കേസില്‍ ബന്ധപ്പെടുത്താനും അതുവഴി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനും അന്നത്തെ പ്രധാനമന്ത്രി അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായ പി.വി നരസിംഹ റാവു ഗൂഢാലോചന നടത്തി. അതിന് കേരളത്തിലെ അന്നത്തെ യു.ഡി.എഫ് ഗവര്‍മെന്റിലെ പ്രമുഖര്‍ ചരട് വലിച്ചു എന്ന അത്യന്തം ഗുരുതരമായ ആരോപണമാണ് മുരളീധരന്‍ ഉന്നയിച്ചിരിക്കുന്നത്. മുരളീധരന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും അത് അന്വേഷണ വിധേയമാക്കണമെന്നും കേന്ദ്ര കാബിനറ്റ് മന്ത്രി വയലാര്‍ രവി പറഞ്ഞിരുന്നു. ഈ ആരോപണത്തിന് മറുപടി പറയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തയ്യാറാകണം.

മുരളീധരന്‍ ഉന്നയിച്ചത് പുതിയ ആരോപണമാണ്. ചാരക്കേസിലെ പ്രധാനപ്രതിയെന്ന് ആരോപിതനായ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും വിധിച്ച സാഹചര്യത്തിലാണ് പുതിയ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പഴയ ധാരണകള്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുത്തപ്പെടേണ്ടതുണ്ടെങ്കില്‍ തിരുത്തപ്പെടണം. കേന്ദ്രമന്ത്രിയുള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ട മൂന്ന് പ്രമുഖര്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണ്.

ചാരക്കേസില്‍ പിന്നില്‍ നിന്ന് ചരട് വലിച്ചവരില്‍ ആ കേസിന്റെ പ്രധാന ഗുണഭോക്താവായ ആന്റണിയുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ശ്രീ എം.എം ജേക്കബ്ബ് വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കെതിരെയാണ് അതീവ ഗുരുതരമായ ഈ ആരോപണം ഉയര്‍ന്നിട്ടുള്ളത്. ചാരക്കേസുമായി ബന്ധപ്പെട്ട് തനിയ്ക്ക് പശ്ചാത്തപിക്കാനൊന്നുമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചതായി കണ്ടു. അന്വേഷണം നടത്തിയാല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ ചാരക്കേസില്‍ ചിലരെ കുടുക്കാനും ചിലരെ ഒഴിവാക്കാനും ഗൂഡാലോചന നടത്തിയതും ചരട് വലിച്ചതും ആരാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. താനല്ല മറ്റുചിലരാണ് പശ്ചാത്തപിക്കേണ്ടതെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ ആരാണെന്ന് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാട്ടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

മറ്റൊരു കാര്യം മൂന്നാമത് ഒഞ്ചിയം,

ഒഞ്ചിയത്ത് സഖാവ് ടി.പി ചന്ദ്രശേഖരന്‍ കഴിഞ്ഞ മെയ് നാലിന് 51 വെട്ടേറ്റ് പൈശാചികമായി കൊല്ലപ്പെട്ട സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചതാണ്. രക്തസാക്ഷി സഖാവ് ചന്ദ്രശേഖരന്റെ 83 വയസുള്ള അമ്മയേയും ഭാര്യ രമയേയും മകനേയും ആശ്വസിപ്പിക്കാനും അവരുടെ ദു: ഖത്തില്‍ പങ്കുചേരാനും ജൂണ്‍ 2 ന് ഞാന്‍ അവരുടെ വീട്ടിലേക്ക് പോകുകയുണ്ടായി. നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഞാന്‍ അവിടെ പോയത് തെറ്റാണെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തുകയുണ്ടായി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതിന് മറ്റൊരു ദിവസം ആകാമായിരുന്നെന്നും തിരഞ്ഞെടുപ്പ് ദിവസം പോയത് യാദൃശ്ചികമാണെങ്കില്‍ പോലും വിവാദമുണ്ടാകുമെന്ന് മനസിലാക്കി അത് ഒഴിവാക്കേണ്ടതായിരുന്നുമെന്നുമുള്ള വിമര്‍ശം ഞാന്‍ അംഗീകരിക്കുകയുണ്ടായി.സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളുന്നതായി പാര്‍ട്ടി സി.സിയിലും സംസ്ഥാന കമ്മിറ്റിയിലും വ്യക്തമാക്കുകയും ചെയ്തു.

ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട കേസില്‍ പ്രതികളായി സി.പി.ഐ.എം നേതാക്കളും ഏറെയുണ്ടെങ്കിലും കൊലയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി വ്യക്തമാക്കുകയുണ്ടായി. പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവരുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കുകയുണ്ടായി.

ചന്ദ്രശേഖരനെ കൊന്നവരേയും അതിന് ഗൂഢാലോചന നടത്തിയവരേയും കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം. അതില്‍ പാര്‍ട്ടി സി.സിയുടെ നിലപാട് വ്യക്തമാണ്. 51 വെട്ടുകൊണ്ട് രക്തസാക്ഷിയായ ചന്ദ്രശേഖരനെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുലംകുത്തിയെന്ന് വീണ്ടും വിശേഷിപ്പിച്ചതായുള്ള വാര്‍ത്ത സംബന്ധിച്ച പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോള്‍ തെറ്റായ പരാമര്‍ശനം എന്നില്‍ നിന്നുണ്ടായി. സഖാവ് പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ഒഴിവാക്കേണ്ടതായിരുന്നു.

ആ പിശക് ഉള്‍ക്കൊള്ളുകയും കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും സ്വയം വിമര്‍ശനം നടത്തുകയും ചെയ്തതാണ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്രമേയം വഴി ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയതുമാണ്. എന്നാല്‍ ഞാന്‍ പരസ്യമായി നടത്തിയ വിമര്‍ശനം സംഘടനാ പരമായ പിശക് പരസ്യമായി തന്നെ തിരുത്തേണ്ടത് ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിന് ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഞാന്‍ വീണ്ടും ഇക്കാര്യം വിശദീകരിക്കുന്നത്.

ചോദ്യം; പരസ്യമായി ഏറ്റുപറയുമെന്ന് പറഞ്ഞത് എന്തുകൊണ്ടാണ് താമസിച്ചത് ?

താമസിച്ചത് , ഇത് സംബന്ധിച്ച് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി ഒരു പ്രമേയത്തില്‍ കൂടി ഈ കാര്യം വ്യക്തമാക്കുകയുണ്ടായി. അപ്പോള്‍ പൊതുജനങ്ങളെ വിവരമറിയിക്കലാണല്ലോ എന്നുള്ള നിലയില്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രമേയം വന്നുകഴിഞ്ഞല്ലോ ജനങ്ങള്‍ വായിച്ചുകഴിഞ്ഞല്ലോ എന്ന് വിചാരിച്ച് ഉടനെ തന്നെ ഞാന്‍ നടത്താനിരുന്ന സെന്‍ട്രല്‍ കമ്മിറ്റിയിലും സ്റ്റേറ്റ് കമ്മിറ്റിയിലും പറഞ്ഞ അതേ കാര്യം തന്നെ അടുത്ത ദിവസം പൊതുജനങ്ങളോട് പറയേണ്ടതെന്ന ചിന്തയിലായിരുന്നു. പക്ഷേ, സെന്‍ട്രല്‍ കമ്മിറ്റിയുടെ തന്നെ അത് സംബന്ധിച്ചുള്ള പ്രമേയം പുറത്തുവന്നതിന്റെ സാഹചര്യത്തില്‍ പിന്നീട് പ്രത്യേകിച്ച് ഞാന്‍ ഒരു പ്രസ്താവന കൊടുക്കേണ്ടതുണ്ടോയെന്ന് സംശയിച്ചു. അത് പിന്നീട് സെന്‍ട്രല്‍ കമ്മിറ്റി ലീഡേഴ്‌സുമായി ചര്‍ച്ച ചെയ്തപ്പോള്‍ അത് കൊടുക്കുക തന്നെയാണ് നല്ലതെന്നു പറഞ്ഞു. എന്നാല്‍ അത് നല്‍കാതിരിക്കുന്നത് വീണ്ടും ഒരു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തേണ്ടെന്ന് കരുതിയാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്.

ചോദ്യം; ടി.പി വധവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ വെയ്ക്കുമോ?

ജനങ്ങളോട് പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ അതുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. നിങ്ങള്‍ക്കങ്ങനെ വിശ്വസിക്കുകയും ചെയ്യാം.

ചോദ്യം; 89ാംവയസിലും തെറ്റ് ഏറ്റ് പറയുന്നതിനെ കുറിച്ച്?

ഒരു കുഴപ്പവുമില്ല. എന്റെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ എത്രയോ നല്ല കാര്യങ്ങള്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളതിനോടൊപ്പം തന്നെ ചില പിശകുകളും ഉണ്ടായിട്ടുണ്ട്. തെറ്റുകളും ഉണ്ടായിട്ടുണ്ട്. അതെല്ലാം തന്നെ ഞാന്‍ സ്വയം വിമര്‍ശനപരമായിട്ട് അംഗീകരിച്ചുപോന്നിട്ടുള്ളവനാണ്. ഇക്കാലമത്രയും.

ചോദ്യം; ഇതൊരു അസാധാരണ നടപടിയാണോ?

ഒരു അസാധാരണ നടപടിയായും ഞാന്‍ കാണുന്നില്ല. ഇനിയും വിശദീകരണമാവശ്യമായ സംഭവങ്ങളില്‍ അപ്പപ്പോള്‍ തന്നെ മുന്‍പത്തേതുപോലെ തന്നെ എന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കും.

ചോദ്യം; സംസ്ഥാന സെക്രട്ടറി ഇന്നലെ പറഞ്ഞു അദ്ദേഹം ഹാപ്പിയാണെന്ന്, താങ്കള്‍ ഹാപ്പിയാണോ?

ഇവിടെ ദു: ഖിക്കേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ മുഖത്ത് മാത്രമാണ് ദു:ഖമുള്ളത്. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായില്ലല്ലോ, തമ്മിലടി നടന്നില്ലല്ലോ എന്നുള്ള നിലയിലുള്ള ദു:ഖം ചിലര്‍ക്കെങ്കിലും കാണും. അവര്‍ സഹിക്കുകയെന്നല്ലാതെ വേറെ നിര്‍വാഹമില്ല. ഇനി എപ്പോഴെങ്കിലും ഭരണ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് എനിയ്‌ക്കെതിരായുള്ള അനാവശ്യമായ കാര്യങ്ങള്‍ ഉണ്ടായാല്‍ മറുപടി പറയേണ്ട കാര്യങ്ങള്‍ അപ്പോള്‍ അപ്പോള്‍ തന്നെ പറയും. എന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടിരിക്കും.

ഭൂമിദാനക്കേസ് കേസ് ഉണ്ടാക്കുന്നത് കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും അപ്പുറവും ഇപ്പുറവും നിന്നിട്ടാണ്. അവര്‍ക്കെതിരായ പാമോയില്‍ കേസ്, ഐസ്‌ക്രീം പാര്‍ലര്‍ കേസൊക്ക കഴിഞ്ഞ പത്തിരുപത്തഞ്ച് കൊല്ലമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ പേരില്‍ ഒരു കൊല്ലം ബാലകൃഷ്ണ പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ സാധിച്ചിട്ടുണ്ട്.

അതുപോലെ തന്നെയാണ് പാമോയില്‍ കേസും. നിങ്ങള്‍ പത്രക്കാരെല്ലാവരും പുതിയ ആളുകളായതുകൊണ്ടാണ് പഴയ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്. പാമോയില്‍ കേസിലെ പ്രതിയായിരുന്ന കരുണാകരന്‍ മരിച്ച് പോയി. അന്ന ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തേക്ക് വരേണ്ടിയിരുന്നതാണ്. പണം ചെലവു ചെയ്യേണ്ട കാര്യമായിരുന്നതിനാല്‍ ധനകാര്യമന്ത്രി എന്ന നിലയില്‍ ഒപ്പിട്ട ആളാണ് ഉമ്മന്‍ചാണ്ടി.

ഇതിനെ കുറിച്ചൊക്കെ ഞാന്‍ അന്ന് പറഞ്ഞത് അസംബ്ലി രേഖ പരിശോധിച്ചാല്‍ കാണാം. കഴിഞ്ഞ ഗവണ്‍മെന്റില്‍ ഞാന്‍ പങ്കാളിയായത് വെച്ച് ഇപ്പോള്‍ ഒരു കള്ളക്കേസ് മെനയുകയാണ് ചെയ്തത്. മറ്റ് എല്ലാ പട്ടാളക്കാര്‍ക്കും കിട്ടിയത് പോലെ എന്റെ ഒരു അകന്ന ബന്ധുവിന് ഭൂമി കിട്ടിയതാണ് ഇത്. പാമോയിലിന്റേയും ഐസ്‌ക്രീമിന്റേയും പകരത്തിന് പകരമായിട്ടാണ് ഇപ്പോള്‍ ഈ കേസ് ഇപ്പോള്‍ ചമയ്ക്കുന്നത്. ഒരു കോടതിയിലും ഈ കേസ് നിലനില്‍ക്കില്ല. ഈ കേസിന്റെ അകത്ത് എന്നെയോ എന്റെ കൂടെയുള്ളവരെയോ സഹപ്രവര്‍ത്തകരെയോ പ്രതി ചേര്‍ക്കാന്‍ കഴിയില്ല.

ചോദ്യം: ടി.പി വധത്തില്‍ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരേയും പ്രതിയാക്കിയതിനെ കുറിച്ച്?

കേസില്‍ പ്രതികളായവരെ വിചാരണ ചെയ്ത് സത്യാവസ്ഥ മനസിലാക്കിയിട്ട് ശിക്ഷിക്കുകയോ രക്ഷിക്കുകയോ ആണ് ചെയ്യേണ്ടത്. പ്രതിയാണ് എന്നുള്ളത് കൊണ്ട് മാത്രം ഒരാളെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുന്നത് വേണമോ വേണ്ടയോ എന്നത് പ്രശ്‌നം തന്നെയാണ്. കേസിന്റെ സ്വഭാവമനുസരിച്ചാണ് ഒരാളെ ഒഴിവാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതെല്ലാം അന്വേഷിച്ച് ആവശ്യമായ കാര്യം ചെയ്യട്ടെ. ഈ കാര്യത്തില്‍ പങ്കുള്ളവരെന്ന നിലയില്‍ പോലീസ് കുറേ ആളുകളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അതേ പോലെ തന്നെ ഇരിട്ടി മട്ടന്നൂര്‍ വെച്ച് കുറേ ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് കൊണ്ടുവരുന്നതെല്ലാം തന്നെ കള്ളക്കേസാണെന്ന് പറയാനാവില്ലല്ലോ. കള്ളമാണോ സത്യമാണോ എന്ന് നിശ്ചയിക്കേ ണ്ടേത് ബഹുമാനപ്പെട്ട കോടതിയാണ്.

ചോദ്യം: ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണം ?

അതെല്ലാം അതിന്റെ മുറയ്ക്കനുസരിച്ച് പോകട്ടെ. രമ സി.ബി.ഐ അന്വേഷണത്തിന് അങ്ങനെയൊരാവശ്യം ഉന്നയിച്ചാല്‍ അത് അന്യായമാണെന്ന് പറയാന്‍ കഴിയുമോ.

കുലംകുത്തി കുലംകുത്തി കുലംകുത്തി എന്ന് പിണറായി വിജയന്‍ പറഞ്ഞത് ശരിയല്ല. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ടി.പി ചന്ദ്രശേഖരന്‍ 34 കൊല്ലക്കാലം എസ്.എഫ്.ഐ പ്രവര്‍ത്തകനായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായി പാര്‍ട്ടി പ്രവര്‍ത്തകനായി ജീവിച്ചുകൊണ്ടിരിക്കേയാണ് നീചമായ അറുകൊലയ്ക്ക് വിധേയനായത്.

അങ്ങനെയൊരാളെ ഇങ്ങനെ പറയുന്നത് ശരിയല്ല. എന്നാണ് ഞാന്‍ നിങ്ങളോട് മറുപടി പറഞ്ഞത്. അന്ന് ഞാന്‍ ശരിയല്ല എന്ന് നിങ്ങളോട് പറഞ്ഞ അഭിപ്രായം ഇപ്പോഴും ഞാന്‍ ശരിയല്ല എന്ന് തന്നെയാണ് പറയുന്നത്. പക്ഷെ അതിന് ഡാങ്കെയെ ഉദാഹരിക്കേണ്ടിയിരുന്നോ എന്ന് ചോദിച്ചു. വേണ്ടെന്ന് ഞാന്‍ പറഞ്ഞു.

വേറെ ഏതെങ്കിലും ഉദാഹരണം പറഞ്ഞാല്‍ മതിയായിരുന്നു. ഇങ്ങനെയൊരാളിനെ കുലംകുത്തി കുലംകുത്തി  എന്ന് ഒരു ധീരരക്തസാക്ഷിയെ കുറിച്ച് പറഞ്ഞതിനെ കുറിച്ചാണ് നിങ്ങള്‍ എന്നോട് ചോദിച്ചത്. അത് പാടില്ലായിരുന്നു. അഞ്ച് പ്രാവശ്യമാണ് കുലംകുത്തി കുലംകുത്തി കുലംകുത്തി എന്ന് ഒരു സഖാവിനെ പറഞ്ഞത്. ഇദ്ദേഹം ഒരു അന്യനായിരുന്നില്ലല്ലോ, അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നല്ലോ. ശരി, നിരവധി ചോദ്യങ്ങള്‍ നിങ്ങള്‍ എന്നോട് ചോദിച്ചിട്ടുണ്ട്, അതിനെല്ലാം ശരിയായ രീതിയില്‍ മറുപടി പറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്.

 

Advertisement