തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിളളയ്ക്ക് സാംസ്‌കാരിക കേരളം ആദരാഞ്ജലി അര്‍പ്പിച്ചു. സുഭാഷ് നഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പി. ഗോവിന്ദപിള്ളയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

Ads By Google

രാവിലെ സുഭാഷ് നഗറിലെ പിജിയുടെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു വി.എസ്. പി.ജിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നെന്നും ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്ത് എത്തിയപ്പോള്‍ മുതല്‍ പിജിയെ അടുത്തറിയാമെന്നും വി.എസ് പറഞ്ഞു.

പി.ജിക്ക് സമാനമായി പി.ജി മാത്രമേ ഉള്ളൂ എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജീവിതകാലം  മുഴുവന്‍ മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിച്ച നേതാവാണ് പി.ജി. എന്ത് തടസ്സങ്ങളുണ്ടെങ്കിലും എന്നും രാവിലെ എ.കെ.ജി സെന്ററില്‍ എത്തുന്ന പിജിയുടെ ശീലം എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.

മാര്‍ക്‌സിസത്തെക്കുറിച്ചും വര്‍ഗസമരത്തെക്കുറിച്ചും പഠിപ്പിച്ച അധ്യാപകരില്‍ പ്രമുഖനായിരുന്നു പി.ജി. ജീവിതസായാഹ്നത്തിലും അവശതകളെ അതിജീവിച്ചും ലോകരാഷ്ട്രീയ സംഭവഗതികളെ മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും അത് ജനങ്ങളിലെത്തിക്കാനും പി.ജി ശ്രദ്ധാലുവായിരുന്നെന്നും പിണറായി പറഞ്ഞു.

പി.ജിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പരിമിതികള്‍ തിരിച്ചറിയാനും യുക്തിവാദവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധവും മനസ്സിലാക്കാന്‍ സാധിച്ചിരുന്നെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു.

പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ വ്യക്തിയായിരുന്നു പി. ഗോവിന്ദപ്പിള്ളയെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ എം.വിജയകുമാര്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി,

വി.എസ്.ശിവകുമാര്‍, കവയിത്രി സുഗതകുമാരി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, സി.പി.ഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.ദിവാകരന്‍ എന്നിവര്‍ പി.ജിയുടെ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

രാവിലെ 11 മുതല്‍ 12 വരെ സി.പി.ഐ.എം ആസ്ഥാനമായ ഏ.കെ.ജി സെന്ററിലും 12 മുതല്‍ 4 വരെ വി.ജെ.ടി ഹാളിലും അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വച്ച ശേഷം തൈക്കാട് ശാന്തി കവാടത്തില്‍ വൈകുന്നേരം നാലിന് സംസ്‌കാരം നടക്കും.