തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ എം.എം.മണിയ്‌ക്കെതിരെ ഹൈക്കോടതി സ്വീകരിച്ച സമീപനം നിയമത്തെ പരിരക്ഷിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ സമീപനം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. നരേന്ദ്രമോഡിക്കു പോലും പാര്‍ട്ടിയെ അധിക്ഷേപിക്കാന്‍ തക്കവിധമുള്ള പരാമര്‍ശമാണ് മണി നടത്തിയതെന്നും വി.എസ് പറഞ്ഞു.

Subscribe Us:

പാര്‍ട്ടിയുടെ മുഖച്ഛായ തന്നെ മാറ്റിമറയ്ക്കുന്ന രീതിയിലുള്ളതായിരുന്നു മണിയുടെ പല പരാമര്‍ശവും. കോടതിയുടെ നടപടി തികച്ചും സ്വാഭാവികം മാത്രമാണെന്നും വി.എസ് പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയ വിവാദ പ്രസംഗം ജനാധിപത്യത്തിന്റെ മരണമണിയാണെന്നായിരുന്നു ഹൈക്കോടതി വിലയിരുത്തല്‍. വിവാദപ്രസംഗത്തിന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.