v.s-new2

തിരുവനന്തപുരം:  സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

Subscribe Us:

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ സംസ്ഥാനത്തെ ചില മന്ത്രിമാരും ഒരു കേന്ദ്രമന്ത്രിയും ഒരു മുന്‍ മന്ത്രിയും സരിതാ നായരെ പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്.

ഇക്കാര്യം മാസങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രിയുമായി ബിജു രാധാകൃഷ്ണന്‍ സംസാരിച്ചത് ഇതേക്കുറിച്ചാണ്.

സരിതയെ ശാരീകമായും സാമ്പത്തികമായും ചിലര്‍ ഉപയോഗിച്ചെന്ന കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് മറച്ചുവെച്ചു.

മുഖ്യമന്ത്രി ഗുരുതരമായ കുറ്റവും സത്യപ്രതിജ്ഞാലംഘനവുമാണ് ഇതുവഴി നടത്തിയിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

എല്ലാവിവരങ്ങളും അറിഞ്ഞിട്ടും അത് ജനങ്ങളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഉമ്മന്‍ചാണ്ടി മറച്ചുവെച്ചു.

ഒരു സ്ത്രീ സഹമന്ത്രിമാരാല്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ മാത്രയില്‍ത്തന്നെ അവരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കുകയും, അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കേസെടുത്ത് അന്വേഷിപ്പിക്കുകയും ചെയ്യാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ളയാളാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി.

അത് ചെയ്തില്ലെന്നു മാത്രമല്ല, സഹമന്ത്രിമാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും, ഇരയെ അവഗണിക്കുകയും, ജനങ്ങളെ നുണ പറഞ്ഞ് തെറ്റിദ്ധിരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

സരിത എസ്. നായര്‍ എറണാകുളം എ.സി.ജെ.എം -ന് മുമ്പാകെ ഇതേ കാര്യങ്ങള്‍ വെളിപ്പെടുത്തിയതാണ്. ”തന്നെ ശാരീരികമായും സാമ്പത്തികമായും ചിലര്‍ ചൂഷണം ചെയ്തുവെന്നും അവരില്‍ ചിലര്‍ ഉന്നത രാഷ്ട്രീയക്കാരാണ്‍ണെന്നുമാണ് നിയമ-നീതിന്യായവ്യവസ്ഥയുടെ കാവലാളായ എ.സി.ജെ.എമ്മിനോട് പറഞ്ഞത്.

അദ്ദേഹം അത് രേഖപ്പെടുത്താന്‍ മിനക്കെട്ടില്ലെന്നു മാത്രമല്ല ഭയചകിതനായി ഇക്കാര്യം എഴുതിക്കൊണ്‍ടുക്കാന്‍  കല്‍പ്പിക്കുകയാണു ചെയ്തത്. എ.സി.ജെ.എമ്മിന്റെ നടപടിയെ സംബന്ധിച്ച് വിവാദങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷിച്ച ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ ”തത്ത പറയുന്നതുപോലെ” എ.സി.ജെ.എം സരിതയുടെ മൊഴി ശരിവയ്ക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലാ ജയിലില്‍ വെച്ച് സരിത സ്വന്തം കൈപ്പടയില്‍ പീഡന കഥ 21 പേജില്‍ എഴുതി ജയില്‍ സൂപ്രണ്ടിനെ സാക്ഷ്യപ്പെടുത്തി തന്റെ വക്കീലിനെ ഏല്‍പ്പിച്ചു.

വക്കീല്‍ അത് വായിച്ചിട്ട് സരിതയുടെ മൊഴി സ്‌ഫോടനാത്മകമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇത് മനസ്സിലാക്കിയ മുഖ്യമന്ത്രിയും ഭരണക്കാരും സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് രായ്ക്കുരാമാനം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി അവിടെ ഉദ്യോഗസ്ഥര്‍ അവരെ രഹസ്യമായി സന്ദര്‍ശിച്ചു.

സരിതയുടെ അമ്മയും ഒരപരിചിതനും സരിതയെ സന്ദര്‍ശിച്ചു. ഫലം 21 പേജുള്ള മൊഴി നാലു പേജായി കുറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ മിടുക്കിനു മുന്നില്‍ നല്ല നമസ്‌ക്കാരം.

മന്ത്രിമാര്‍ സരിതയെ പീഡിപ്പിച്ച വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവണ്‍രുന്നതിന് മുമ്പ് അവരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം.

അത്യന്തം ഗുരുതരമായ ഈ കുറ്റകൃത്യം സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പേ അറിഞ്ഞിട്ടും അത് മറച്ചുവെച്ച് ജനങ്ങളെയും നീതിനിര്‍വ്വഹണ സംവിധാനത്തെയും തെറ്റിദ്ധരിപ്പിച്ചതിന് ഉമ്മന്‍ചാണ്ടി പരസ്യമായി മാപ്പുപറയണം.

നാണവും മാനവും ഉണ്ടെങ്കില്‍ ജനങ്ങളെയാകെ കബളിപ്പിച്ചതിന് പശ്ചാത്താപമായി മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഇറങ്ങിപ്പോകാനും ഉമ്മന്‍ചാണ്ടി തയ്യാറാകണം.

മന്ത്രിമാരെക്കുറിച്ചുപോലും ഇത്ര ഗുരുതരമായ ആരോപണം തെളിവ് സഹിതം ഉണ്ടായിട്ടും അതൊന്നും കണ്ടെത്താന്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

ഐ.പി.എസിന്റെ നക്ഷത്രചിഹ്നങ്ങള്‍ തോളില്‍ തൂക്കി നടക്കുന്ന യേമാന്മാര്‍ എന്താണാവോ സരിതയെയും മറ്റും ചോദ്യം ചെയ്ത് കണ്ടെത്തിയത്?

കേരളത്തെ മുഴുവന്‍ ഞെട്ടിക്കുന്ന ഈ കാര്യങ്ങളൊന്നും കണ്ടെത്താന്‍ കഴിയാത്ത ഈ വിദ്വാന്‍മാര്‍ ഇനിയും ഇത്തരം നക്ഷത്രചിഹ്നങ്ങള്‍ തോളില്‍ തൂക്കി നടക്കണമോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും വി.എസ് പറഞ്ഞു.