Categories

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കര്‍ഷക വിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യണം: വി.എസ്

v.s-achuthanandan

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. റിപ്പോര്‍ട്ടിന്മേല്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിച്ചതിന് ശേഷമേ ശുപാര്‍ശകള്‍ നടപ്പിലാക്കാവൂ എന്നും വി.എസ് ആവശ്യപ്പെട്ടു.

കര്‍ഷകവിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ആരേയും കുടിയിറക്കില്ലെന്നും അദ്ദേഹം വ്യ്ക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്ര തീരുമാനം നടപ്പിലാക്കരുതെന്ന് ധനമന്ത്രി കെ.എം മാണിയും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നടക്കുന്ന ഹര്‍ത്താലില്‍ സംഘര്‍ഷമുണ്ടായി. താമരശ്ശേരിയില്‍ പ്രതിഷേധത്തിനിടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. മാധ്യമ സ്ഥാപനങ്ങളുടെ ക്യാമറകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അക്രമം നടന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലാണ് ഇന്ന് ഹര്‍ത്താല്‍ നടക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.

രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.