വരാപ്പുഴ: മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് വാങ്ങി നികത്താനൊരുങ്ങുന്ന നെല്‍പാടത്ത് കര്‍ഷകര്‍ സംഘടിച്ച് പൊക്കാളികൃഷി ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അത് ഒന്ന് മുതല്‍ മൂന്ന് പൂകൃഷിവരെ നീണ്ടുനില്‍ക്കണമെന്നും വി.എസ് പറഞ്ഞു.

Ads By Google

Subscribe Us:

കടമക്കുടി ചരിയന്‍തുരുത്തില്‍ കപില്‍ദേവ് നികത്താന്‍ ഒരുങ്ങുന്ന പൊക്കാളി പാടത്തേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിനുശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലം നികത്തലിനെതിരെ പ്രതികരിച്ചവരെ വെട്ടിനിരത്തല്‍ എന്ന് പറഞ്ഞ് ആര് ആക്ഷേപിച്ചാലും കര്‍ഷകര്‍ പിന്മാറില്ല. വെട്ടിനിരത്തലില്‍നിന്ന് പിന്മാറിയ ഓരോ വര്‍ഷവും കാല്‍ലക്ഷം നെല്‍പാടം നികത്തി.

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍നീര്‍ത്തട പദ്ധതി നിയമംമൂലം കുറേ നെല്‍പാടം സംരക്ഷിക്കാന്‍ കഴിഞ്ഞു. യു.ഡി.എഫ്. വന്നപ്പോള്‍ അത് അട്ടിമറിക്കപ്പെട്ടു.

എമേര്‍ജിങ് കേരള റിയല്‍ എസ്‌റ്റേറ്റ് മേഖലയേയും ഭൂമാഫിയയേയും കൊഴുപ്പിക്കാന്‍ വേണ്ടിയാണ്. നെല്‍പാടങ്ങള്‍ വന്‍തോതില്‍ നികത്തുന്നത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ കര്‍ഷകര്‍ രംഗത്തിറങ്ങണമെന്നും വി.എസ് പറഞ്ഞു.