എഡിറ്റര്‍
എഡിറ്റര്‍
എയ്ഡഡ് പദവി തീരുമാനം: നിജസ്ഥിതി അറിയണമെന്ന് വി.എസ്
എഡിറ്റര്‍
Wednesday 27th June 2012 12:00pm

തിരുവനന്തപുരം: മലപ്പുറത്ത് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ നിജസ്ഥിതി അറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ മുസ്‌ലീം ലീഗിന് അടിമപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത് റദ്ദാക്കണം. എയ്ഡഡ് പദവിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി.എസ് പറഞ്ഞു. അഴിമതിയ്ക്ക് വേണ്ടി അബ്ദുറബ്ബ് മന്ത്രിസഭാ തീരുമാനം അട്ടിമറിക്കുകയാണ് ചെയ്തത്. കോടിക്കണക്കിന് രൂപ കോഴവാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതേ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി നിയമസഭയില്‍ തിരുത്തിയത് നിങ്ങള്‍ എല്ലാവരും കണ്ടതാണ്‌. എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചുവെന്ന് മന്ത്രിസഭാ തീരുമാനമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞപ്പോള്‍ അത്തരത്തില്‍ മന്ത്രിസഭാ തീരുമാനമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതിലെ നിജസ്ഥിതി അറിയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മന്ത്രിസഭായോഗത്തിന് ശേഷം സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തെയാണ് തങ്ങള്‍ സ്വാഗതം ചെയ്തത്. എന്നാല്‍ സബ് മിഷന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ലെന്നും വി.എസ് ആരോപിച്ചു.

ലീഗിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ടെന്നും ലീഗ് ഓടിളക്കിയല്ല വന്നതെന്നുമുള്ള മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയേയും വി.എസ് വിമര്‍ശിച്ചു. ഓടിളക്കാതെ ലീഗിന്റെ 20 പേര്‍ മാത്രമേ വന്നിട്ടുള്ളുവെന്നും ഞങ്ങള്‍ 68 പേര്‍ അത്തരത്തില്‍ വന്നിട്ടുണ്ടെന്നും വി.എസ് തിരിച്ചടിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പല ആരോപണങ്ങളും തനിയ്‌ക്കെതിരെയാണെങ്കിലും കെ.എസ്.യു നടത്തിയ ‘ചാനലില്‍ കാണിക്കാന്‍ കൊള്ളാത്ത’ പരാമര്‍ശത്തിനാണ് അത് മറുപടിയായത്.

കുഞ്ഞാലിക്കുട്ടി തനിയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതിയില്‍ കൊടുക്കാതെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കൊടുത്തത്. ആ കേസ് നടത്താന്‍ താന്‍ ഇപ്പോള്‍ കോഴിക്കോട് പോവുകയാണ് ചെയ്യുന്നത്.  അതിലും പരാതിയില്ല. എന്നിട്ടും താന്‍ വേട്ടയാടുകയാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു നടക്കുന്നതെന്നും വി.എസ് പറഞ്ഞു.

ഇതിനിടെ അഴിമതിക്കേസുകള്‍ നടത്താന്‍ പാര്‍ട്ടി പണം നല്‍കിയെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടി പറയാനും വി.എസ് മറന്നില്ല. അഴിമതിക്കേസുകള്‍ നടത്താന്‍ സ്വന്തം കൈയ്യില്‍ നിന്നും പണം ചെലവാക്കിയിട്ടുണ്ടെന്നു പറഞ്ഞാണ്  വി.എസ് തിരിച്ചടിച്ചത്. എന്നാല്‍ പേപ്പര്‍ വര്‍ക്കിനായി പാര്‍ട്ടിയും പണം തന്നിട്ടുണ്ട്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, ശാന്തിഭൂഷണ്‍ എന്നിവരെയൊക്കെ വെച്ചു കേസ് നടത്തിയതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അഴിമതിയ്‌ക്കെതിരെ അണ്ണാ ഹസാരെയ്ക്ക് മുന്‍പേ പോരാട്ടം തുടങ്ങിയ ആളാണ് താന്‍ എന്നറിയാവുന്നത് കൊണ്ട് ഇവര്‍ ഫീസ് വാങ്ങാതെയാണ് വാദിച്ചതെന്നും വി.എസ് പറഞ്ഞു.

കേസ് നടത്തിപ്പിനായി വി.എസ് ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ പാര്‍ട്ടിയില്‍ കാണിച്ചിട്ടില്ലെന്ന് ആക്ഷേപം കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

Advertisement